23 December Monday

ഡൽഹി ഐഎഎസ് കോച്ചിങ് സെന്റിലെ അപകടം: പ്രതിഷേധവുമായി വിദ്യാർത്ഥികൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ന്യൂഡൽഹി> കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഐഎഎസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മൂന്ന് പേർ മരിച്ചസംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. അപകടത്തിന് കാരണം മുനിസിപ്പൽ ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. അപകടത്തിൽ പ്രതികരിക്കാൻ അധികാരികൾ തയ്യാറാകാത്തതും പ്രതിഷേധത്തിനിടയാക്കി.

ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററില്ലാണ് വെള്ളം കയറിയത്. മൂന്നുനില കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. അകത്തേയ്ക്കും പുറത്തേയ്ക്കും കടക്കാൻ ഒരു വാതിൽ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ബേസ്മെന്റിലേക്കുള്ള പ്രവേശനത്തിന് ബയോമെട്രിക് ഓതെന്റിക്കേഷൻ ആവശ്യമാണ്. ബേസ്മെന്റിൽ വെള്ളം കയറിയപ്പോൾ വൈദ്യുതി സംവിധാനം തടസ്സപ്പെട്ട് ബയോമെട്രിക് സംവിധാനം പ്രവർത്തനരഹിതമായി കുട്ടികൾ ലൈബ്രറിയിൽ കുടുങ്ങുകയായിരുന്നു.

കൊച്ചി സ്വദേശി നവീൻ ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. മൂന്നു കുട്ടികൾ ഇപ്പോഴും ആശുപത്രിയിലാണ്. സംഭവസമയത്ത് ലൈബ്രറിയിൽ 20 വിദ്യാർത്ഥികളുണ്ടായിരുന്നു. സംഭവത്തിൽ  സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടറെയും കോഡിനേറ്ററെയും അറസ്റ്റ് ചെയ്തതായി  ഡെപ്യൂട്ടി കമ്മീഷണർ എം ഹർഷവർദ്ധൻ അറിയിച്ചു.

സിപിഐ എം രാജ്യസഭാം​ഗം വി ശിവദാസൻ എംപി സംഭവസ്ഥലം സന്ദർശിച്ചു. മരണപ്പെട്ട വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ പ്രതികാരരാഷ്ട്രീയത്തിന്റെ  ഇരകളാണെന്ന് അദ്ദേഹം ആരോപിച്ചു. ചട്ടങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിക്കുന്ന കോച്ചിങ് കേന്ദ്രങ്ങള്‍ നിരവധിയാണ്. വിദ്യാര്‍ഥികളുടെ സുരക്ഷ അവരുടെ പരിഗണയില്‍ ഇല്ല, ലാഭം മാത്രമാണ് ലക്ഷ്യമെന്നും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നും‌ അദ്ദേഹം ആവശ്യപ്പെട്ടു. തകരാറിലായ ഡ്രൈനേജ് സംവിധാനങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കണമെന്നും ശിവദാസൻ എംപി പറ‍ഞ്ഞു.

ഐഎഎസ് കോച്ചിങ്ങിനായി ഏറ്റവും കൂടുതൽ വിദ്യാർഥികളെത്തുന്നത് ഡൽഹിയിലാണ്.  ഐഎഎസ് കോച്ചിങ് സെന്ററുകൾ നടത്തുന്നവരും അനവധിയാണ്. എന്നാൽ വൻതുക ഫീസ് വാങ്ങി നടത്തുന്ന കോച്ചിങ് സെന്ററുകൾ വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾപോലും ഉറപ്പുവരുത്തുന്നില്ല. സ്റ്റോറേജ് സ്പെയ്സിനുവേണ്ടിയുള്ള സ്ഥലത്താണ് റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിലെ ലൈബ്രറി പ്രവർത്തിച്ചിരുന്നത്.

ഡൽഹിയിൽ കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടാവുന്നതും വൈദ്യുതിവിതരണം തടസ്സപ്പെടുന്നതും സാധാരണമാണ്. കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ പട്ടേൽ ന​ഗറിൽ ഐഎഎസ് കോച്ചിങ് ചെയ്യുന്ന മറ്റൊരു വിദ്യാർത്ഥി കനത്ത മഴയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്. പ്രസിഡന്റ് എസ്റ്റേറ്റിനു മുന്‍പില്‍ പോലും മഴ പെയ്താല്‍ വെള്ളം നിറഞ്ഞു യാത്ര തടസ്സപ്പെടുന്ന അവസ്ഥയാണ്. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും എഎപി ഭരിക്കുന്ന ഡൽഹി മുനിസിപ്പാലിറ്റിയും ബിജെപിയുടെ കേന്ദ്രഭരണകൂടവും യാതൊരുവിധ പ്രതിരോധപ്രവർത്തനങ്ങളും നടത്തുന്നില്ല. പരസ്പരം പഴിചാരി അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ഇരുവരും ശ്രമിക്കുന്നത്.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top