18 October Friday
1971 മാർച്ച്‌ 25ന്‌ ശേഷം അസമിലേക്ക്‌ കുടിയേറിയവർക്ക്‌ ആറ്‌ എ വകുപ്പിന്റെ പരിരക്ഷയില്ല

പൗരത്വനിയമം : ആറ്‌ എ വകുപ്പിന് 
നിയമസാധുത ; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

എം അഖിൽUpdated: Friday Oct 18, 2024


ന്യൂഡൽഹി
ബംഗ്ലാദേശിൽനിന്ന്‌ അസമിൽ കുടിയേറിയവർക്ക്‌ പൗരത്വം അനുവദിക്കാൻ പൗരത്വ നിയമത്തിൽ കൂട്ടിച്ചേർത്ത ആറ് എ വകുപ്പിന്റെ  ഭരണഘടനാസാധുത ശരിവച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് 4:1 ഭൂരിപക്ഷത്തിൽ  വകുപ്പിന്റെ ഭരണഘടനാസാധുത ശരിവച്ചു.    ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ്‌ സൂര്യകാന്ത്, ജസ്റ്റിസ്‌ എം എം സുന്ദരേഷ്, ജസ്റ്റിസ്‌ മനോജ് മിശ്ര എന്നിവർ ഭരണഘടനാസാധുത അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ്‌ ജെ ബി പർധിവാല ആറ്‌ എ വകുപ്പ്‌  ഇനി മുതൽ ഭരണഘടനാവിരുദ്ധമാണെന്ന ഭിന്നവിധി പുറപ്പെടുവിച്ചു.

1966 ജനുവരി ഒന്നിനും 1971 മാർച്ച്‌ 25നുമിടയിൽ അസമിലെത്തിയ ഇന്ത്യൻ വംശജരായ കുടിയേറ്റക്കാർക്ക്‌ പൗരത്വത്തിന്‌ അപേക്ഷിക്കാമെന്നാണ്‌  ആറ്‌ എ വ്യവസ്ഥ ചെയ്യുന്നത്‌. 1985ലെ അസം ഉടമ്പടിക്ക്‌ കീഴിലുള്ള ആളുകൾക്ക്‌ പൗരത്വം അനുവദിക്കുന്നതിനായുള്ള പ്രത്യേകവ്യവസ്ഥകളാണ്‌  വകുപ്പിലുള്ളത്‌. ഇതുപ്രകാരം കുടിയേറ്റക്കാർക്ക്‌ രണ്ട്‌ രീതിയിൽ പൗരത്വം അനുവദിച്ചിരുന്നു.

1966 ജനുവരി ഒന്നിന്‌ മുമ്പ്‌  കുടിയേറിയവർക്ക്‌ സ്വാഭാവിക പൗരത്വം നൽകിയപ്പോൾ 1966 ജനുവരി ഒന്നിന്‌ ശേഷം 1971 മാർച്ച്‌ 25 വരെയുള്ള കാലയളവിൽ കുടിയേറിയവർക്ക്‌ 10 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ പൗരത്വം നൽകിയിരുന്നത്‌. ആറ്‌ എ വകുപ്പ്‌ ബംഗ്ലാദേശിൽനിന്ന്‌ അസമിലേക്ക്‌ അനധികൃതകുടിയേറ്റക്കാരുടെ പ്രവാഹത്തിന്‌ കാരണമായെന്നും അത്‌ ഭരണഘടനവിരുദ്ധമാണെന്ന്‌ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്‌ അസമിലെ തദ്ദേശീയസംഘടനകളാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി അസമിലെ വിവാദമായ ദേശീയ പൗരത്വ രജിസ്റ്റർ (എൻസിആർ) രൂപീകരണപ്രക്രിയയിൽ നിർണായകസ്വാധീനം ചെലുത്തും. 2018 ജൂലൈ 30ന്‌ എൻആർസിയുടെ അന്തിമകരട്‌ പുറത്തിറക്കിയിരുന്നു. 3.29 കോടി അപേക്ഷകരിൽ 40 ലക്ഷത്തോളം പേരുടെ പൗരത്വത്തിൽ അനിശ്ചിതത്വമുണ്ടെന്ന്‌ ആരോപിച്ച്‌ ഒഴിവാക്കിയിരുന്നു. 

'കുടിയേറ്റം 
പരിഹരിക്കാനുള്ള നീക്കം'
1985 ആഗസ്‌ത്‌ 15ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട അസംഉടമ്പടിക്ക്‌ നിയമസാധുത നൽകാനാണ് പൗരത്വനിയമം ഭേദഗതി ചെയ്‌ത്‌ ആറ്‌ എ വകുപ്പ് കൂട്ടിച്ചേർത്തത്‌. അനധികൃത കുടിയേറ്റമെന്ന പ്രശ്നത്തിനുള്ള രാഷ്ട്രീയ പരിഹാരമായിരുന്നു അസം ഉടമ്പടിയെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

‘പ്രാദേശികജനതയുടെ താൽപര്യം സംരക്ഷിക്കാനും കുടിയേറ്റമുണ്ടാക്കിയ മനുഷ്യത്വപരമായ പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് അസം ഉടമ്പടിയുണ്ടാക്കിയത്‌. അതിന് നിയമസാധുത നൽകാൻ പൗരത്വനിയമത്തിൽ ആറ്‌ എ വകുപ്പ്  കൂട്ടിച്ചേർത്ത പാർലമെന്റ്‌ നടപടിയിൽ തെറ്റില്ല. അസമിന്റെ മൊത്തം വിസ്‌തീർണവുമായി താരതമ്യപ്പെടുത്തിയാൽ അങ്ങോട്ടേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് കൂടുതലായിരുന്നു. 40 ലക്ഷത്തോളം ആളുകളാണ് അസമിലേക്ക് കുടിയേറിയത്. ഈ പ്രത്യേക സാഹചര്യത്തിലാണ്, അസംഉടമ്പടിയുടെ  ജനനം. അനധികൃത കുടിയേറ്റക്കാരെ നിശ്ചയിക്കാൻ 1971 മാർച്ച് 24–-ാം തിയതിയെ അന്തിമ സമയപരിധിയായി നിശ്ചയിച്ച നടപടിയിലും തെറ്റില്ല. ബംഗ്ലാദേശ് വിമോചന പോരാട്ടങ്ങൾ അവസാനിച്ച തീയതിയായിരുന്നു ഇത്‌’–- ചീഫ്‌ ജസ്റ്റിസ്‌ ചൂണ്ടിക്കാട്ടി.

ഒരു സംസ്ഥാനത്ത് വിവിധ വംശീയ വിഭാഗങ്ങൾ ഉണ്ടായാൽ തദ്ദേശീയ ജനതയുടെ ഭാഷാപരവും സാംസ്‌കാരികവുമായ തനിമ നഷ്ടപ്പെടുമെന്ന ഹർജിക്കാരുടെ വാദം സുപ്രീം കോടതി ഭരണഘടനാബെഞ്ച്‌ ഭൂരിപക്ഷവിധിയിൽ  തള്ളി. ആറ്‌ എ വകുപ്പ്‌ സാഹോദര്യമെന്ന ആശയം ഇല്ലാതാക്കിയെന്ന ഹർജിക്കാരുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. രാജ്യത്തിന്റെ അതിർത്തികളിൽ അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം ഇപ്പോഴും തുടരുന്നുണ്ടെന്നും ഇത്‌ വലിയ വെല്ലുവിളിയാണെന്നും സുപ്രീംകോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

ഭൂരിപക്ഷ
വിധിയിലെ 
നിർദേശങ്ങൾ
●1966 ജനുവരി ഒന്നിനുമുമ്പ് അസമിലേക്ക് കുടിയേറിയവർക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ട്.
● 1966 ജനുവരി ഒന്ന് മുതൽ 1971 മാർച്ച് 25 വരെ അസമിലേക്ക് കുടിയേറിയവർക്ക് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്ത്യൻ പൗരത്വം നൽകാം.
● 1971 മാർച്ച് 25നോ അതിനുശേഷമോ അസമിലേക്ക് കുടിയേറിയവർ അനധികൃത കുടിയേറ്റക്കാരാണ്. അവർക്ക്‌ ആറ്‌ എ വകുപ്പിന്റെ പരിരക്ഷയില്ല.
●അനധികൃതകുടിയേറ്റക്കാരെ കണ്ടെത്താനും പുറത്താക്കാനും നിലവിലുള്ള ട്രൈബ്യൂണലുകൾ അപര്യാപ്‌തം. കുടിയേറ്റക്കാരെ പുറത്താക്കുന്നത്‌ ഉൾപ്പടെയുള്ള നടപടികൾ അധികൃതരുടെ മാത്രം വിവേചനാധികാരത്തിന്‌ വിടാനാകില്ല. അതിന്‌ കോടതിയുടെ നിരന്തരമേൽനോട്ടം വേണം. പ്രത്യേക ബെഞ്ച്‌ രൂപീകരിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top