ന്യൂഡൽഹി
മദ്രസകളുടെ കാര്യത്തിൽമാത്രം എന്തിനാണ് ഇത്ര ആശങ്ക കാണിക്കുന്നതെന്ന് ദേശീയ ബാലാവകാശ കമീഷനോട് സുപ്രീംകോടതി. രാജ്യത്ത് വിവിധ മതവിഭാഗങ്ങൾ അവരുടെ സ്ഥാപനങ്ങളിലൂടെ കുട്ടികൾക്ക് മതപഠനം നൽകാറുണ്ടെന്നും എല്ലാവരോടും ഒരേ നിലപാടാണോ ബാലാവകാശ കമീഷനുള്ളതെന്നും ചീഫ്‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഉത്തർപ്രദേശ് മദ്രസാവിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരായ ഹർജികൾ പരിഗണിക്കവേയാണ് ബാലാവകാശകമീഷന്റെ ഇരട്ടത്താപ്പിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചത്.
‘കുട്ടികളെ മഠങ്ങളിലേക്കും വേദപഠനശാലകളിലേക്കും വിടരുതെന്ന രീതിയിൽ നിങ്ങൾ നിർദേശം നൽകിയിട്ടുണ്ടോ. ഇത്തരം സ്ഥാപനങ്ങളിലും കണക്കും ശാസ്‌ത്രവും മറ്റും പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ. മദ്രസകളുടെ കാര്യത്തിൽമാത്രം എന്താണ് ഇത്രയും ആശങ്ക. മറ്റ് സ്ഥാപനങ്ങളുടെ കാര്യത്തിലും സമാനമായ നിലപാടാണോ ഉള്ളത്. എല്ലാ സമുദായങ്ങളോടും തുല്യമായ സമീപനമാണോ വച്ചുപുലർത്തുന്നത് ’’–-ജസ്‌റ്റിസ് ജെ ബി പർധിവാല, ജസ്‌റ്റിസ് മനോജ്‌മിശ്ര എന്നിവർ അംഗങ്ങളായ ബെഞ്ച് ബാലാവകാശകമീഷന് വേണ്ടി ഹാജരായ അഡ്വ. സ്വരുപമാചഥുർവേദിയോട് ചോദിച്ചു. മദ്രസകളിലെ പഠനസമ്പ്രദായത്തിന്റെ പോരായ്‌മകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് ബാലാവകാശകമീഷൻ തയ്യാറാക്കിയിട്ടുണ്ടെന്ന് അഭിഭാഷക അറിയിച്ച അവസരത്തിലാണ് സുപ്രീംകോടതി ചോദ്യമുന്നയിച്ചത്.
ഇസ്ലാംമതത്തിന് ബാധകമായ രീതിയിൽ ഉത്തരവോ നിർദേശമോ പുറപ്പെടുവിച്ചാൽ അത് രാജ്യത്തെ എല്ലാ മതങ്ങൾക്കും ബാധകമായിരിക്കുമെന്ന് ചീഫ്‌ജസ്‌റ്റിസ് ഓർമിപ്പിച്ചു. ‘മതപഠനം മുസ്ലീം മതത്തിന് മാത്രമുള്ള കാര്യമല്ല. ഹിന്ദു, സിഖ്, ക്രിസ്‌ത്യൻ, ബുദ്ധ മതവിഭാഗക്കാരും മതപഠനം നടത്താറുണ്ട്. രാജ്യം നിരവധി മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമകേന്ദ്രമാണ്. മതനിരപേക്ഷതയെന്നാൽ ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണെന്ന് വിസ്‌മരിക്കരുത് ’–- ചീഫ്‌ജസ്‌റ്റിസ് നിരീക്ഷിച്ചു.
ഉത്തർപ്രദേശിലെ മദ്രസാവിദ്യാഭ്യാസ നിയമം മതനിരപേക്ഷതയ്‌ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് മാർച്ച് 22നാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകളിൽ വിശദമായി വാദംകേട്ട സുപ്രീംകോടതി മദ്രസാനിയമം ഒറ്റയടിക്ക് റദ്ദാക്കിയ ഹൈക്കോടതി നടപടിയോട് യോജിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ നിയമപരമായി തെറ്റാണെങ്കിൽ അത് റദ്ദാക്കുന്നതിന് പകരം മുഴുവൻ നിയമവും ഒറ്റയടിക്ക് റദ്ദാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. നിയമം മുഴുവനായി റദ്ദാക്കിയ നടപടിയോട് യോജിക്കാൻ കഴിയില്ലെന്ന് യുപിസർക്കാരും സുപ്രീംകോടതിയിൽ പറഞ്ഞിട്ടുണ്ട്.
മദ്രസകളുടെ അംഗീകാരം റദ്ദാക്കണമെന്ന ദേശീയ ബാലാവകാശ കമീഷന്റെ നിർദേശങ്ങളും ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ്, ത്രിപുര സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളും സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..