21 December Saturday
കേരളത്തിൽ ശക്തമായ 
നിയമമുണ്ടെന്ന്‌ കേന്ദ്രം

ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് ദൗത്യസേന ; നിർണായക ഇടപെടലുമായി സുപ്രീംകോടതി

എം അഖിൽUpdated: Tuesday Aug 20, 2024
  • നിയമം പാസാക്കാന്‍ കേന്ദ്രം മടിച്ചുനില്‍ക്കെ 
പരിഹാരവുമായി സുപ്രീംകോടതി
  • ഗുരുതരവീഴ്‌ച വരുത്തിയ പശ്‌ചിമബംഗാൾ 
പൊലീസിനും മമതാ ബാനർജി സർക്കാരിനും 
 രൂക്ഷവിമര്‍ശം

 

ന്യൂഡൽഹി
കൊൽക്കത്തയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക ഇടപെടലുകളുമായി സുപ്രീംകോടതി. രാജ്യത്തെ ആശുപത്രികളിലെ സുരക്ഷാസംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാന്‍ ശുപാർശ  കൈമാറാന്‍ ദേശീയ ദൗത്യസേന(നാഷണൽ ടാസ്‌ക്‌ ഫോഴ്‌സ്‌ –-എൻടിഎഫ്‌)യ്‌ക്ക്‌  സുപ്രീംകോടതി രൂപംനൽകി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്കായി സമഗ്രനിയമം പാസാക്കണമെന്ന ആവശ്യത്തോട്‌ കേന്ദ്രസർക്കാർ മുഖംതിരിച്ചുനിൽക്കെയാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ.

ആരോഗ്യപ്രവർത്തകർക്ക്‌ എതിരായ അതിക്രമങ്ങൾ തടയാനും അവർക്ക്‌ സുരക്ഷിതമായ തൊഴിൽസാഹചര്യങ്ങൾ സൃഷ്ടിക്കാനും വേണ്ട കർമപദ്ധതി തയാറാക്കലാണ്‌ എൻടിഎഫിന്റെ ദൗത്യം. സമിതി മൂന്നാഴ്‌ചയ്‌ക്കുള്ളിൽ ഇടക്കാലറിപ്പോർട്ടും രണ്ടുമാസത്തിനുള്ളിൽ അന്തിമറിപ്പോർട്ടും സമർപ്പിക്കണം. ഒരോ സംസ്ഥാനങ്ങളിലെയും ആശുപത്രികളിലെ സാഹചര്യങ്ങൾ പരിശോധിച്ച്‌ സംസ്ഥാനസർക്കാരുകളും റിപ്പോർട്ട്‌ സമർപ്പിക്കണം. സംസ്ഥാനങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ ക്രോഡീകരിച്ച്‌ കേന്ദ്രസർക്കാർ ഒരുമാസത്തിനുള്ളിൽ വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

കേസിൽ ഗുരുതരവീഴ്‌ചകൾ വരുത്തിയ പശ്‌ചിമബംഗാൾ പൊലീസിനെയും മമതാബാനർജി സർക്കാരിനെയും സുപ്രീംകോടതി അതിരൂക്ഷമായി വിമർശിച്ചു. കേസെടുക്കാന്‍ അസാധാരണ കാലതാമസം ഉണ്ടായത്‌ എന്തുകൊണ്ടാണെന്ന്‌ സുപ്രീംകോടതി ആരാഞ്ഞു. വലിയ വീഴ്‌ച വരുത്തിയ ആർ ജി കർ മെഡിക്കൽകോളേജ്‌ പ്രിൻസിപ്പലിനോട്‌ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന്‌ മൃദുസമീപനമാണ്‌ ഉണ്ടായതെന്നും കോടതി വിമർശിച്ചു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ട സംവിധാനങ്ങളിലെ ഗുരുതരവീഴ്‌ച വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുവെന്നും  ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.

കേരളത്തിൽ ശക്തമായ 
നിയമമുണ്ടെന്ന്‌ കേന്ദ്രം
ആരോഗ്യ പ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും സുരക്ഷ ഒരുക്കാൻ കേരളം ശക്തമായ നിയമം നടപ്പാക്കിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്‌ കേരളം ശക്തമായ നിയമം പാസാക്കിയത്‌ കോടതിയെ ധരിപ്പിച്ചത്‌. കേരളത്തിന്റെ നിയമനിർമാണം സംബന്ധിച്ച്‌ സുപ്രീംകോടതി വിധിയിലും എടുത്തുപറയുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top