26 December Thursday

മുഹമ്മദ്‌ ഫൈസലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ ഹർജി; സുപ്രീംകോടതി പിഴ ചുമത്തി തള്ളി

സ്വന്തം ലേഖകൻUpdated: Friday Oct 20, 2023

ന്യൂഡൽഹി> എൻസിപി നേതാവ്‌ മുഹമ്മദ്‌ഫൈസലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ചതിന്‌ എതിരായ ഹർജി ഒരുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി തള്ളി. ലക്ഷദ്വീപ്‌ എംപി മുഹമ്മദ്‌ഫൈസലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ ലഖ്‌നൗ സ്വദേശിയായ അഭിഭാഷകൻ അശോക്‌പാണ്ഡെയാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ട്‌  എംപി സ്ഥാനത്ത്‌ നിന്നും അയോഗ്യനാക്കപ്പെട്ട വ്യക്തി ഹൈക്കോടതി കുറ്റവിമുക്തനാക്കുന്നത്‌ വരെ അയോഗ്യനായിരിക്കുമെന്ന വാദമാണ്‌ അശോക്‌പാണ്ഡെ ഉന്നയിച്ചത്‌.

എന്നാൽ, ബാലിശമായ വാദങ്ങൾ ഉന്നയിച്ചുള്ള ഹർജി സമർപ്പിച്ച്‌ കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന്‌ ഒരു ലക്ഷം പിഴ ചുമത്തുകയാണെന്ന്‌ ജസ്‌റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. വധശ്രമക്കേസിൽ മുഹമദ്‌ഫൈസൽ കുറ്റക്കാരനാണെന്ന വിചാരണക്കോടതി വിധിയും ശിക്ഷയും മരവിപ്പിക്കാൻ കേരളാഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇതേതുടർന്ന്‌, ഹൈക്കോടതി വിധിക്കെതിരെ മുഹമ്മദ്‌ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചു.

ഹൈക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി മുഹമ്മദ്‌ഫൈസലിന്‌ എംപി സ്ഥാനത്ത്‌ തുടരാമെന്ന്‌ നിർദേശിച്ചു. സുപ്രീംകോടതിയുടെ ഈ നിർദേശത്തിന്‌ എതിരെയായിരുന്നു അഡ്വ. അശോക്‌പാണ്ഡെയുടെ ഹർജി. കഴിഞ്ഞ ആഴ്‌ച്ച  മറ്റൊരു ഹർജി തള്ളി സുപ്രീംകോടതി അശോക്‌പാണ്ഡെയ്‌ക്ക്‌ അഞ്ച്‌ ലക്ഷം പിഴ ചുമത്തിയിരുന്നു. ബോംബെ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസ്‌ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ‘ഞാൻ’ എന്ന വാക്ക്‌ പറയാത്തത്‌ കൊണ്ട്‌ ആ സത്യപ്രതിജ്ഞ നിയമവിരുദ്ധമെന്ന്‌ പ്രഖ്യാപിക്കണമെന്ന അശോക്‌പാണ്ഡെയുടെ ഹർജിയാണ്‌ സുപ്രീംകോടതി പിഴ ചുമത്തി തള്ളിയത്‌. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചതിന്‌ എതിരെ അശോക്‌പാണ്ഡെ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top