26 December Thursday
മുനയൊടിഞ്ഞ വാദങ്ങൾ; 
ചുട്ടമറുപടിയുമായി സുപ്രീംകോടതി

സോഷ്യലിസം, മതനിരപേക്ഷത ; ഭരണഘടനയുടെ 
അവിഭാജ്യഘടകം ; സുപ്രീംകോടതി

എം അഖിൽUpdated: Tuesday Nov 26, 2024



ന്യൂഡൽഹി
ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ്‌’, ‘സെക്യുലർ’ എന്നീ പ്രയോ​ഗങ്ങള്‍ നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാക്കൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. 1976ൽ 42–-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതനിരപേക്ഷത എന്നീ പ്രയോഗങ്ങൾ ഉൾപ്പെടുത്തിയ നടപടി ചോദ്യംചെയ്‌ത്‌ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി, ബിജെപി ഡൽഹി ഘടകം മുൻ വക്താവ്‌ അശ്വിനി ഉപാധ്യായ,  ബൽറാം സിങ് എന്നിവർ നൽകിയ റിട്ട്‌ ഹർജികൾ ചീഫ്‌ ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന, ജസ്റ്റിസ്‌ സഞ്‌ജയ്‌ കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ്‌ തള്ളിയത്‌. ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ സുനിശ്ചിതാധികാരത്തിൽ ആമുഖം ഭേദഗതി ചെയ്യാനുള്ള അധികാരം അന്തർലീനമാണെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു.

സോഷ്യലിസം, മതനിരപേക്ഷത എന്നിവ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ അവിഭാജ്യഘടകങ്ങളായി സ്ഥിരപ്പെട്ടിരിക്കുന്നു. ‘ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ’എന്നാണ്‌ ആമുഖം തുടങ്ങുന്നത്‌. ആ വാചകങ്ങൾക്ക്‌ തത്തുല്യമായ സ്വീകാര്യത സോഷ്യലിസം, മതനിരപേക്ഷത എന്നിവയ്‌ക്കും പൊതുസമൂഹത്തിൽ ലഭിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ, 44 വർഷങ്ങൾക്കുശേഷമുള്ള ഹർജി സംശയങ്ങൾ സൃഷ്ടിക്കുന്നതും ന്യായീകരിക്കാനാവാത്തതുമാണ്‌. വിശദ നിയമപരിശോധനയോ അക്കാദമിക്ക്‌ വിലയിരുത്തലോ ആവശ്യമില്ലാത്ത വാദങ്ങളായതിനാൽ നോട്ടീസുപോലും അയക്കാതെ ഒറ്റയടിക്ക്‌ കേസ്‌ തള്ളുകയാണെന്നും ഏഴ്‌ പേജുള്ള ഉത്തരവിൽ പറഞ്ഞു.

‘മതനിരപേക്ഷത 
അടിസ്ഥാനഘടനയുടെ ഭാഗം’
മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗം തന്നെ. കേശവാനന്ദഭാരതി കേസിലും എസ്‌ ആർ ബൊമ്മെ കേസിലും ഉയർത്തിപ്പിടിച്ചത്‌ ഇതേനിലപാട്‌. ഭരണഘടന അംഗീകരിക്കപ്പെട്ട 1949ൽ മതനിരപേക്ഷത കൃത്യമായി നിർവചിച്ചിരുന്നില്ല. എന്നാൽ, ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന കാര്യങ്ങൾക്ക്‌ അടിസ്ഥാനമായ തത്വങ്ങൾക്ക്‌ അടിയുറച്ച മതനിരപേക്ഷ സ്വഭാവമുണ്ടെന്നതിൽ സംശയമില്ല. മതനിരപേക്ഷത തുല്യതയ്‌ക്കുള്ള അവകാശത്തിന്റെ മറ്റൊരു മുഖം തന്നെ–-  സുപ്രീംകോടതി നിരീക്ഷിച്ചു.

‘സോഷ്യലിസം ഇന്ത്യൻ കണ്ണിലൂടെ’
സോഷ്യലിസമെന്ന ആശയത്തെ ഇന്ത്യൻ കണ്ണിലൂടെ നോക്കിക്കാണണം.  ക്ഷേമരാഷ്ട്രമായി നിലനിൽക്കുമെന്നും എല്ലാവർക്കും തുല്യഅവകാശങ്ങൾ ഉറപ്പാക്കുമെന്നുമുള്ള വാഗ്‌ദാനമായി സോഷ്യലിസത്തെ കാണാം. പൗരൻമാരെ സാമൂഹ്യമായും സാമ്പത്തികമായും അഭിവൃദ്ധിപ്പെടുത്താനുള്ള ഉദ്ദേശ്യത്തെ പ്രതിഫലിപ്പിക്കുന്ന വാക്കായി സോഷ്യലിസത്തെ കാണണം. അത്‌ സ്വകാര്യസംരഭങ്ങളെ നിരുത്സാഹപ്പെടുത്തുന്നതോ ബിസിനസിൽ ഏർപ്പെടാനുള്ള അവകാശത്തെ ഹനിക്കുന്നതോ അല്ല–- സുപ്രീംകോടതി വിലയിരുത്തി.

മുനയൊടിഞ്ഞ വാദങ്ങൾ ; 
ചുട്ടമറുപടിയുമായി സുപ്രീംകോടതി
ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതനിരപേക്ഷത എന്നീ പ്രയോഗങ്ങൾ നിലവിൽവന്ന്‌ നാല്‌ പതിറ്റാണ്ടുകൾക്കുശേഷം അതിനെ ചോദ്യംചെയ്‌ത ഹർജിക്കാരുടെ ഉദ്ദേശശുദ്ധി സുപ്രീംകോടതി ചോദ്യം ചെയ്‌തതോടെ നാണംകെട്ടത്‌ ബിജെപി. 1949 നവംബർ 26ന്‌ ഭരണഘടനനിർമാണസഭ ഭരണഘടന അംഗീകരിച്ചു കഴിഞ്ഞ സാഹചര്യത്തിൽ മുൻകാല പ്രാബല്യത്തോടെ ഭേദഗതി കൊണ്ടുവരാൻ കഴിയില്ലെന്ന വാദമാണ്‌ ഹർജിക്കാർ പ്രധാനമായും ഉന്നയിച്ചത്‌.   മതനിരപേക്ഷത എന്ന പ്രയോഗം ഭരണഘടന നിർമാണസഭ ഒഴിവാക്കിയതാണെന്നും ‘സോഷ്യലിസം’ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ സാമ്പത്തിക നയരൂപീകരണത്തെ തടസ്സപ്പെടുത്തുമെന്നും ഹർജിക്കാർ ആരോപിച്ചു.     42–-ാം ഭേദഗതി അടിയന്തിരാവസ്ഥകാലത്ത്‌ പാസാക്കിയതിനാൽ ഭരണഘടനാവിരുദ്ധമാണെന്നും വാദിച്ചു. ഈ വാദങ്ങളെല്ലാം ബാലിശമാണെന്ന്‌ സുപ്രീംകോടതി പരിഹസിച്ചു.

നിഗമനങ്ങൾ 
ഇങ്ങനെ
368–-ാം അനുച്ഛേദപ്രകാരം ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം പാർലമെന്റിനുണ്ട്‌. 1949 നവംബർ 26നാണ്‌ ഭരണഘടന അംഗീകരിച്ചതെന്ന വസ്‌തുത ഈ അധികാരത്തെ ഒരുരീതിയിലും നിയന്ത്രിക്കുന്നില്ല. മുൻകാലപ്രാബല്യമുള്ള പല ഭരണഘടനാഭേദഗതികൾ ഇതിനുമുമ്പും ശേഷവും ഉണ്ടായിട്ടുണ്ട്‌. ഭരണഘടന നിർമാണസഭ ഒഴിവാക്കിയ കാര്യങ്ങൾ പിന്നീട്‌ ഭരണഘടനയിൽ ഉൾപ്പെടുത്താൻ തടസ്സമില്ല. ഭരണഘടന സജീവമായ രേഖയാണ്‌. സോഷ്യലിസത്തിനും മതനിരപേക്ഷതയ്‌ക്കും ഇന്ത്യ സ്വന്തം കാഴ്‌ച്ചപ്പാടുകൾ ഇതിനോടകം രൂപീകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
 

ഭരണഘടനാ ദിനം ഇന്ന്‌
ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാർഷികദിനമായ ചൊവ്വാഴ്‌ച സംസ്ഥാനത്തെങ്ങും ഭരണഘടനാദിനമായി ആചരിക്കും. 1949 നവംബർ 26 ന് ആണ്‌ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്‌. 1950 ജനുവരി 26 ന്‌ ഇത്‌ പ്രാബല്യത്തിൽ വന്നു. ഭരണഘടനാദിനമായി ആഘോഷിക്കുന്ന ചൊവ്വാഴ്‌ച സർക്കാർ, അർധസർക്കാർ, തദ്ദേശഭരണസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിക്കും.ഭരണഘടനാ ദിനത്തിൽ പഴയ പാർലമെന്റ്‌ മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ലോക്‌സഭാ–- രാജ്യസഭാംഗങ്ങൾക്ക്‌ പുറമെ വിവിധ ലോകരാജ്യങ്ങളിലെ എംബസി തലവൻമാർക്കും ക്ഷണമുണ്ട്‌. ഉപരാഷ്ട്രപതിയും രാജ്യസഭാംഗവുമായ ജഗ്‌ദീപ്‌ ധൻഖറും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും സംസാരിക്കും.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top