22 December Sunday

സുപ്രീംകോടതിയിൽ 
മണിപ്പുരിൽനിന്ന്‌ ആദ്യ ജഡ്‌ജി ; കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

ജസ്റ്റിസ് എൻ കോടിസ്വർ സിങ്, ജസ്റ്റിസ് ആർ മഹാദേവൻ


ന്യൂഡൽഹി
സുപ്രീംകോടതി ജഡ്‌ജിമാരായി ജസ്‌റ്റിസ്‌ എൻ കോടിസ്വർ സിങ്, ജസ്‌റ്റിസ്‌ ആർ മഹാദേവൻ എന്നിവരെ നിയമിച്ച്‌ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മണിപ്പുരിൽ നിന്നും സുപ്രീംകോടതിയിലേക്ക്‌ നിയമിക്കപ്പെടുന്ന ആദ്യ ജഡ്‌ജിയാണ്‌ കോടിസ്വർ സിങ്‌. നിലവിൽ ജമ്മു കശ്‌മീർ–- ലഡാക്ക്‌ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസാണ്‌. മണിപ്പുരിലെ ആദ്യ അഡ്വക്കേറ്റ്‌ ജനറലായ എൻ ഇബോടോമ്പി സിങ്ങിന്റെ മകനാണ്‌ അദ്ദേഹം. ഗുവാഹത്തി, മണിപ്പുർ ഹൈക്കോടതി ജഡ്‌ജിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. സുപ്രീംകോടതിയിൽ വടക്കുകിഴക്കൻ മേഖലയുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ എൻ കോടിസ്വർ സിങ്ങിനെ ചീഫ്‌ജസ്‌റ്റിസ്‌ അധ്യക്ഷനായ കൊളീജിയം സുപ്രീംകോടതി ജഡ്‌ജിയായി ശുപാർശ ചെയ്‌തത്‌.

നിലവിൽ മദ്രാസ്‌ ഹൈക്കോടതി ആക്‌റ്റിങ് ചീഫ്‌ജസ്‌റ്റിസാണ്‌ ജസ്‌റ്റിസ്‌ ആർ മഹാദേവൻ. ചെന്നൈ സ്വദേശിയായ അദ്ദേഹം തമിഴ്‌നാട്‌ സർക്കാരിന്റെ അഡീഷണൽ ഗവൺമെന്റ്‌ പ്ലീഡർ (നികുതി), കേന്ദ്രസർക്കാരിന്റെ അഡീഷണൽ സ്‌റ്റാൻഡിങ് കോൺസൽ, കേന്ദ്രസർക്കാരിന്റെ മദ്രാസ്‌ ഹൈക്കോടതിയിലെ സീനിയർ പാനൽ കോൺസൽ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്‌. 2013ല്‍ മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top