15 November Friday

ആശ്രിത നിയമനം 
നിരുപാധിക അവകാശമല്ല , കൃത്യമായ യോഗ്യതാമാനദണ്ഡങ്ങൾ പാലിക്കണം : സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Friday Nov 15, 2024


ന്യൂഡൽഹി
ആശ്രിതനിയമനങ്ങൾ നിരുപാധിക അവകാശമല്ലെന്നും അത്തരം നിയമനങ്ങൾക്ക്‌ കൃത്യമായ യോഗ്യതാമാനദണ്ഡങ്ങൾ പാലിക്കണമെന്നും സുപ്രീംകോടതി.  ജീവനക്കാരുടെ ആകസ്‌മിക മരണത്തെ തുടർന്ന്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുന്ന കുടുംബങ്ങളെ കരകയറ്റാനുള്ള ഉപാധിയെന്ന നിലയിലാണ്‌ ആശ്രിതനിയമനങ്ങളെ കാണേണ്ടതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാൽ, ആശ്രിതനിയമനങ്ങളെ നിരുപാധിക അവകാശമായി കണക്കാക്കാനാവില്ല. കൃത്യമായ നയങ്ങളുടെ അടിസ്ഥാനത്തിലാകണം അത്തരം നിയമനങ്ങൾ നടത്തേണ്ടത്‌–- ജസ്റ്റിസ്‌ അഭയ്‌ എസ്‌ ഓഖ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ വിധിയിൽ നിരീക്ഷിച്ചു. ആശ്രിതനിയമനങ്ങൾക്ക്‌ അപേക്ഷിക്കുന്നവർക്ക്‌ നയങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള എല്ലാ യോഗ്യതകളും ഉണ്ടാകേണ്ടത്‌ അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

1997ൽ ഹരിയാനയിൽ ജോലിക്കിടെ മരിച്ച പൊലീസ് കോൺസ്റ്റബിള്‍ ജയപ്രകാശിന്റെ മകൻ ടിങ്കുവിന്‌ ആശ്രിതനിയമനം നിഷേധിച്ച സംസ്ഥാനസർക്കാർ നടപടി ചോദ്യംചെയ്‌തുള്ള ഹർജിയിലാണ്‌ സുപ്രീംകോടതി ഉത്തരവ്. ജയപ്രകാശ്‌ മരിക്കുന്ന സമയത്ത്‌ ടിങ്കുവിന്‌ പ്രായപൂർത്തിയായിരുന്നില്ല. 11 വർഷത്തിനു ശേഷമാണ്‌ ആശ്രിതനിയമനത്തിന് അപേക്ഷ നൽകിയത്‌. എന്നാൽ, ഹരിയാന സർക്കാരിന്റെ നയം അനുസരിച്ച്‌ ജീവനക്കാരൻ മരിച്ച്‌ മൂന്ന്‌ വർഷത്തിനകം ആശ്രിതനിയമനം നടത്തണമെന്ന്‌ വ്യവസ്ഥയുണ്ട്‌. ഈ കാരണം ചൂണ്ടിക്കാണിച്ച്‌ സർക്കാർ ഹർജിക്കാരന്‌ നിയമനം നിഷേധിച്ചു.

ആശ്രിതനിയമനം നിരുപാധിക അവകാശമാണോ? അതോ അത്തരം നിയമനങ്ങൾക്കും കൃത്യമായ നയങ്ങളും യോഗ്യതാമാനദണ്ഡങ്ങളും പിന്തുടരേണ്ടതുണ്ടോ?  തുടങ്ങിയ നിയമപ്രശ്‌നങ്ങളാണ്‌ ഹർജിയുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതി പരിഗണിച്ചത്‌. പിതാവിന്റെ മരണം സംഭവിച്ച്‌   വർഷങ്ങൾക്ക്‌ ശേഷമാണ്‌ ആശ്രിതനിയമനം അവകാശപ്പെട്ടതെന്ന്‌ ചൂണ്ടിക്കാണിച്ച്‌ ടിങ്കുവിന്റെ ഹർജി സുപ്രീംകോടതി തള്ളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top