22 December Sunday
കോടതിവിധികൾ സാഹിത്യസൃഷ്ടികളോ 
പ്രബന്ധങ്ങളോ അല്ല

വിധി മതി, ഉപദേശം വേണ്ട, അനാവശ്യമായ സദാചാരപ്രസംഗം വേണ്ട ; ജഡ്ജിമാരോട് സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Thursday Aug 22, 2024


ന്യൂഡൽഹി
കോടതിവിധികളിൽ ജഡ്‌ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്ന്‌ സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട കക്ഷികളെയോ പൊതുസമൂഹത്തെയോ ഉപദേശിക്കുന്ന രീതിയിലുള്ള പരാമർശങ്ങളും ജഡ്‌ജിമാർ പരമാവധി ഒഴിവാക്കുന്നതാണ്‌ ഉചിതം–- സുപ്രീംകോടതി നിരീക്ഷിച്ചു. കൗമാരക്കാരികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നത്‌ ഉൾപ്പടെയുള്ള വിവാദപരാമർശങ്ങളടങ്ങിയ കൽക്കട്ട ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കിയ വിധിന്യായത്തിലാണ്‌ ജസ്റ്റിസ്‌ അഭയ്‌ എസ്‌ ഓഖ, ജസ്റ്റിസ്‌ ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

‘കേസുകൾ തീർപ്പാക്കലാണ്‌ ജഡ്‌ജിയുടെ ചുമതല. അനാവശ്യമായ സദാചാരപ്രസംഗങ്ങൾ നടത്തേണ്ട കാര്യമില്ല. വിധിന്യായത്തിൽ അപ്രസക്തവും അനാവശ്യവുമായ ഒരു കാര്യവും ഉൾപ്പെടുത്തേണ്ടതില്ല. കോടതിവിധികൾ സാഹിത്യസൃഷ്ടികളോ പ്രബന്ധങ്ങളോ അല്ല. ലളിതമായ ഭാഷയിൽ വിധികൾ തയ്യാറാക്കണം. മിതത്വമാണ്‌ നിലവാരമുള്ള വിധിന്യായങ്ങളുടെ  മുഖ്യസവിശേഷത ’–- സുപ്രീംകോടതി ഓർമിപ്പിച്ചു.

ശിക്ഷാവിധി ചോദ്യംചെയ്‌തുള്ള അപ്പീലുകൾ പരിഗണിക്കുന്ന കോടതികൾ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളുടെ ഘടന സംബന്ധിച്ചും സുപ്രീംകോടതി വിശദമായ മാർഗനിർദേശം പുറപ്പെടുവിച്ചു. വസ്‌തുതകളുടെ സംക്ഷിപ്‌ത വിവരണം, തെളിവുകളുടെ സ്വഭാവം, വാദങ്ങൾ, കോടതിയുടെ വിലയിരുത്തൽ, ശിക്ഷാവിധി റദ്ദാക്കുകയാണെങ്കിൽ അതിനുള്ള കാരണങ്ങളും ശരിവെക്കുകയാണെങ്കിൽ അതിനുള്ള കാരണങ്ങളും വ്യക്തമാക്കൽ- തുടങ്ങിയ കാര്യങ്ങളാണ്‌ വിധിന്യായത്തിൽ ഉണ്ടാകേണ്ടത്‌.

കേസുമായി ബന്ധപ്പെട്ട കക്ഷികളുടെ പെരുമാറ്റത്തെക്കുറിച്ച് ജഡ്‌ജിക്ക്‌ നിരീക്ഷണങ്ങൾ നടത്താമെങ്കിലും  വിധിനിർണയവുമായി ആ നിരീക്ഷണങ്ങൾക്ക്‌ നേരിട്ട്‌ ബന്ധമുണ്ടായിരിക്കണമെന്നും സുപ്രീംകോടതി നിഷ്‌കർഷിച്ചു. പോക്‌സോ കേസിലെ കുറ്റവാളിയെ മോചിപ്പിച്ച ഉത്തരവിൽ കൽക്കട്ട ഹൈക്കോടതി നടത്തിയ വിചിത്ര നിരീക്ഷണം കേസുമായി ഒരു രീതിയിലും ബന്ധമില്ലാത്തതും ഞെട്ടിപ്പിക്കുന്നതും താന്തോന്നിത്തമെന്ന്‌ തന്നെ വിശേഷിപ്പിക്കാവുന്നതുമാണെന്നും സുപ്രീംകോടതി വിമർശിച്ചു.

14 വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത 25കാരനെ വെറുതെവിട്ട വിധിന്യായത്തിലായിരുന്നു കൽക്കട്ട ഹൈക്കോടതി ജഡ്‌ജിമാരുടെ വിവാദ നിരീക്ഷണങ്ങൾ.  കുറ്റവാളിയുടെ കുടുംബവും ഇരയുടെ കുടുംബവും ഒത്തുതീർപ്പുണ്ടാക്കിയെന്ന പേരിൽ കുറ്റവാളിയെ വെറുതെവിട്ട ഹൈക്കോടതി നടപടി സുപ്രീംകോടതി റദ്ദാക്കി. 2023 ഒക്ടോബറിൽ ജസ്റ്റിസ്‌ ചിത്തരഞ്‌ജൻ ദാഷ്‌, പാർഥസാരഥി സെൻ എന്നിവർ അംഗങ്ങളായ കൽക്കട്ട ഹൈക്കോടതി ബെഞ്ചാണ്‌ വിവാദ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. വിവാദനിരീക്ഷണം നടത്തിയ ജസ്റ്റിസ്‌ ചിത്തരഞ്‌ജൻ ദാഷ്‌ താൻ  ആർഎസ്‌എസുകാരനാണെന്ന് വിരമിക്കല്‍ പ്രസം​ഗത്തില്‍ വെളിപ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top