27 September Friday

‘ആളുകളെ വർഷങ്ങളോളം ജയിലില്‍ ഇടാനാണോ ശ്രമം’ ; ഇഡിക്ക്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമർശം

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024


ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമപ്രകാരമുള്ള കേസുകളിൽ ശിക്ഷാനിരക്ക്‌ കുറവായിട്ടും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ആളുകളെ വർഷങ്ങളോളം ജയിലിടാൻ നോക്കുകയാണെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ എത്ര പേർ ശിക്ഷിക്കപ്പെടുന്നുണ്ടെന്നും കോടതി ചോദിച്ചു. ചത്തീസ്‌ഗഢ്‌ മുൻ മുഖ്യമന്ത്രി ഭൂപേഷ്‌ബാഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സൗമ്യാചൗരസ്യയ്ക്ക്‌ ജാമ്യം അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതി രൂക്ഷവിമര്‍ശമുന്നയിച്ചത്. ‘കുറ്റങ്ങൾ ചുമത്താതെ ഒരാളെ എത്രകാലം തടവിലിടാനാകും?. ഈ കേസിൽ പരമാവധി ശിക്ഷ ഏഴ്‌ വർഷമാണ്‌.  41 കേസുകളിൽ മാത്രമാണ്‌ ശിക്ഷിക്കാനായതെന്ന് ബന്ധപ്പെട്ടവർ പാർലമെന്റിൽ പ്രസ്‌താവിച്ചിട്ടുണ്ട്‌. എന്നിട്ടും നിങ്ങൾ വർഷങ്ങൾ ആളുകളെ തടവിലിടാൻ നോക്കുകയാണോ?’–- ജസ്‌റ്റിസ്‌ ഉജ്വൽഭുയാൻ വാദംകേൾക്കലിനിടെ ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട്‌ പൊട്ടിത്തെറിച്ചു.

പിഎംഎൽഎ കേസിൽ ഒരുവർഷവും ഒമ്പത്‌ മാസവും തടവ്‌ അനുഭവിച്ച സൗമ്യാചൗരസ്യയെ ജാമ്യത്തിൽ ഉടൻ വിട്ടയക്കാനും ഉത്തരവിട്ടു. 10 വർഷത്തിൽ 5000 പിഎംഎൽഎ കേസുകൾ എടുത്തിതിൽ 40 എണ്ണത്തിൽ മാത്രമാണ്‌ ശിക്ഷ ഉറപ്പാക്കാനായതെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദറായ്‌ പാർലമെന്റിൽ അറിയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top