22 November Friday
ആർ ജി കർ സര്‍ക്കാര്‍ ആശുപത്രിയിൽ സിഐഎസ്‌എഫിനെ വിന്യസിക്കണം

പൊലീസ്‌ നോക്കുകുത്തി , ഇനിയുമൊരു ബലാത്സംഗംവരെ നോക്കിനിൽക്കാനാകില്ല ; മമത സർക്കാരിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രീംകോടതി

സ്വന്തം ലേഖകന്‍Updated: Wednesday Aug 21, 2024


ന്യൂഡൽഹി
കൊൽക്കത്തയിൽ ജൂനിയർഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ ഗുരുതരവീഴ്‌ച വരുത്തിയ മമതാബാനർജി സർക്കാരിനെയും പശ്‌ചിമബംഗാൾ പൊലീസിനെയും  രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി.    കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന്‌ സമയബന്ധിതമായ നടപടിയുണ്ടായില്ലെന്നും ആഗസ്‌ത്‌ 14ന്‌ ഒരുകൂട്ടം അക്രമികൾ ഇരച്ചുകയറി ആശുപത്രി അടിച്ചുതകർത്ത്‌ കുറ്റകൃത്യം നടന്ന സ്ഥലം അലങ്കോലമാക്കിയപ്പോൾ പൊലീസ്‌ നോക്കിനിൽക്കുകയായിരുന്നെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ തുറന്നടിച്ചു. ഇരയുടെ പേരും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്‌ തടയാൻപോലും നടപടിയുണ്ടായില്ല. അക്രമികൾക്കുനേരെ കണ്ണടച്ച പൊലീസ്‌ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിക്കുന്നത്‌ പരിഹാസ്യമാണ്.  എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നതിൽ അസാധാരണമായ കാലതാമസം ഉണ്ടായി.വലിയ വീഴ്‌ച വരുത്തിയ ആർ ജി കർ മെഡിക്കൽകോളേജ്‌ പ്രിൻസിപ്പലിനോട്‌ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നും മൃദുസമീപനമാണ്‌ ഉണ്ടായതെന്നും കോടതി വിമർശിച്ചു.

‘സംഭവം അറിഞ്ഞ ഉടനെ പ്രിൻസിപ്പൽ അത്‌ ആത്മഹത്യയാക്കി മാറ്റാൻ  ശ്രമിച്ചു. മാതാപിതാക്കളെ ആദ്യഘട്ടത്തിൽ മൃതദേഹം കാണാൻ അനുവദിച്ചില്ല.  സ്ഥാനം രാജിവച്ച പ്രിൻസിപ്പലിനെ മറ്റൊരു മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായി നിയമിച്ചത്‌ എന്തിനാണ്‌. കുറ്റകൃത്യം മറച്ചുവയ്‌ക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണം നേരിടുന്ന ഒരാൾക്ക്‌ തിടുക്കത്തിൽ മറ്റൊരുപദവി നൽകേണ്ട സാഹചര്യം എന്തായിരുന്നു?  ’–- ചീഫ്‌ജസ്‌റ്റിസ്‌ പശ്‌ചിമബംഗാൾ സർക്കാരിനോട്‌ ചോദിച്ചു.
കോടതിയുടെ ചോദ്യങ്ങൾക്ക്‌  പശ്‌ചിമബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽസിബലിനും മേനകാഗുരുസ്വാമിക്കും കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. 

കേസ്‌ അന്വേഷിക്കുന്ന സിബിഐയോട്‌ വ്യാഴാഴ്‌ചയ്‌ക്കുള്ളിൽ അന്വേഷണപുരോഗതി റിപ്പോർട്ട്‌ സമർപ്പിക്കാൻ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു. ആർ ജി കർ ആശുപത്രി അക്രമികൾ അടിച്ചുതകർത്ത സംഭവത്തെക്കുറിച്ചുള്ള അന്വേഷണറിപ്പോർട്ട്‌ സമർപ്പിക്കാൻ പശ്‌ചിമബംഗാൾ പൊലീസിനും  നിർദേശം നൽകി.

ആർ ജി കർ ആശുപത്രിയുടെ സുരക്ഷയ്‌ക്കായി സിഐഎസ്‌എഫിനെ വിന്യസിക്കണം. സമാധാനപൂർവം പ്രതിഷേധിക്കുന്നവർക്കും സർക്കാർ നടപടികളെ വിമർശിക്കുന്നവർക്കുമെതിരെ അമിതബലപ്രയോഗം പാടില്ലെന്നും പശ്‌ചിമബംഗാൾ സർക്കാരിന്‌ കോടതി മുന്നറിയിപ്പ്‌ നൽകി.  22ന്‌ സുപ്രീംകോടതി കേസ്‌ വീണ്ടും പരിഗണിക്കും.

ഇരയുടെ പേരും 
ഫോട്ടോയും നീക്കണം
ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പേരും ഫോട്ടോകളും വീഡിയോകളും എത്രയും വേഗം സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കാൻ സുപ്രീംകോടതി നിർദേശം. മൃതദേഹത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌  ഇടപെടൽ. 

ദേശീയ ദൗത്യസേന
അം​ഗങ്ങള്‍
സർജൻ വൈസ്‌ അഡ്‌മിറൽ ആർതി സരിൻ (നേവി മെഡിക്കൽ സർവീസസ്‌), ഡോ. ഡി നാഗേശ്വര റെഡ്ഡി (ഹൈദരാബാദ് ഏഷ്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഗ്യാസ്‌ട്രോ എൻട്രോളജി), ഡോ. എം ശ്രീനിവാസ്‌ (ഡയറക്ടർ, എയിംസ്‌, ഡൽഹി), ഡോ. പ്രതിമാ മൂർത്തി (ബംഗളൂരു നിംഹാൻസ്‌ ഡയറക്ടർ), ഡോ. ഗോവർധൻദത്ത്‌ പുരി (എക്‌സിക്യുട്ടീവ്‌ ഡയറക്ടർ, എയിംസ്‌, ജോധ്‌പുർ) ഡോ. സൗമിത്രാ റാവത്ത്‌ (ചെയർപേഴ്‌സൺ, ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, ഗംഗാറാം ആശുപത്രി, ഡൽഹി), പ്രൊഫ. അനിതാ സക്‌സേന (കാർഡിയോളജി വിഭാഗം മേധാവി, എയിംസ്‌, ഡൽഹി), പ്രൊഫ. പല്ലവി സാപ്രേ (ഡീൻ, ഗ്രാന്റ്‌ മെഡിക്കൽകോളേജ്‌, മുംബൈ), ഡോ. പത്മാ ശ്രീവാസ്‌തവ (ന്യൂറോളജി വിഭാഗം, എയിംസ്‌) എന്നിവരാണ്‌ നാഷണൽ ടാസ്‌ക്‌ ഫോഴ്‌സിലെ അംഗങ്ങൾ.

ക്യാബിനറ്റ്‌ സെക്രട്ടറി,ആഭ്യന്തര സെക്രട്ടറി, ആരോഗ്യ മന്ത്രാലയം സെക്രട്ടറി, ദേശീയ മെഡിക്കൽ കമീഷൻ ചെയർപേഴ്‌സൺ, നാഷണൽ ബോർഡ്‌ ഓഫ്‌ എക്‌സാമിനേഷൻസ്‌ പ്രസിഡന്റ്‌ എന്നിവർ അനൗദ്യോഗിക അംഗങ്ങളാകും.

ഇനിയുമൊരു ബലാത്സംഗംവരെ നോക്കിനിൽക്കാനാകില്ല
രാജ്യത്തെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ട സംവിധാനങ്ങളിലെ ഗുരുതരവീഴ്‌ചകൾ വലിയരീതിയിൽ ആശങ്കപ്പെടുത്തുന്നുവെന്ന്‌ സുപ്രീംകോടതി. വീഴ്‌ചകൾ പരിഹരിക്കാൻ  മറ്റൊരു ബലാത്സംഗംവരെ കാത്തിരിക്കാൻ കഴിയില്ലെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു.

‘കൊൽക്കത്തയിലെ ഒരാശുപത്രിയിൽമാത്രം നടന്ന കൊലപാതകമെന്ന നിലയിൽ ഈ വിഷയത്തെ കാണാനാകില്ല. ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട സംവിധാനങ്ങളിലെ വീഴ്‌ചകൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്‌. ആശുപത്രികളിൽ വനിതാഡോക്ടർമാരുടെ സുരക്ഷയ്‌ക്ക്‌ വ്യവസ്ഥകളില്ലെന്നത്‌ കോടതിയെ ആശങ്കപ്പെടുത്തുന്നു. ഒരു സ്‌ത്രീ ജോലിസ്ഥലത്തേക്ക്‌ പോകാൻ ഭയക്കുന്നുണ്ടെങ്കിൽ അവർക്ക്‌ തുല്യഅവസരമെന്ന അവകാശം നിഷേധിക്കുകയാണ്‌. അടിസ്ഥാനപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ആത്മാർഥമായ നീക്കങ്ങൾ ഉടൻ തുടങ്ങണം’’–- ചീഫ്‌ജസ്‌റ്റിസിന്‌ പുറമേ ജസ്‌റ്റിസ്‌ ജെ ബി പർധിവാല, ജസ്‌റ്റിസ്‌ മനോജ്‌മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി.

ഡോക്ടർമാരുടെ ആശങ്കകൾ പരമോന്നതകോടതി വലിയഗൗരവത്തോടെ ഏറ്റെടുത്ത പശ്‌ചാത്തലത്തിൽ പണിമുടക്ക്‌ അവസാനിപ്പിച്ച്‌ കർമരംഗത്ത്‌ സജീവമാകണമെന്നും സുപ്രീംകോടതി അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top