22 December Sunday

നിയമം എത്ര കർശനമാണെങ്കിലും രോഗികൾക്ക്‌ ജാമ്യം നൽകേണ്ടി വരും: സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Tuesday Oct 15, 2024

ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമം എത്ര കർശനമാണെങ്കിലും അസുഖബാധിതർക്കും അവശർക്കും മറ്റും ജാമ്യം അനുവദിക്കേണ്ടി വരുമെന്ന്‌ സുപ്രീംകോടതി. കോടതിക്ക്‌ നിയമത്തിന്റെ നാലതിരുകൾക്കുള്ളിൽ നിന്നേ പ്രവർത്തിക്കാൻ കഴിയുള്ളുവെന്നും- ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിരീക്ഷിച്ചു. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ (ഇഡി) പിഎംഎൽഎ കേസിൽ അറസ്‌റ്റ്‌ ചെയ്‌ത സേവാവികാസ്‌ സഹകരണബാങ്ക്‌ ചെയർമാൻ അമർ സാധുറാം മുൾചന്ദാനിക്ക്‌ ജാമ്യം അനുവദിച്ചാണ്‌ പ്രധാനനിരീക്ഷണം.

          പിഎംഎൽഎ കേസിൽ ജാമ്യത്തിനായി 45–-ാം വകുപ്പ്‌ പ്രകാരം ‘നിരവധി വ്യവസ്ഥകൾ’ പാലിക്കപ്പെടടേണ്ടതുണ്ട്‌. ജാമ്യാപേക്ഷയെ എതിർക്കാൻ പബ്ലിക്ക്‌ പ്രോസിക്യൂട്ടർക്ക്‌ സാവകാശം നൽകണം. കുറ്റാരോപിതൻ പ്രഥമദൃഷ്ട്യാ നിരപരാധിയാണെന്ന്‌ മാത്രമല്ല, ജാമ്യത്തിലിറങ്ങി സമാനമായ കുറ്റകൃത്യം ആവർത്തിക്കില്ലെന്നും ജഡ്‌ജിക്ക്‌ ഉറപ്പുണ്ടാകണം. അതേസമയം, അസുഖബാധിതർക്കും അവശർക്കും മുതിർന്നപൗരൻമാർക്കും സ്‌ത്രീകൾക്കും മറ്റും ഉപാധികളോടെ ഇളവ്‌ അനുവദിക്കാമെന്നും ഈ വകുപ്പിൽ പറയുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ചിന്റെ ഭാഗത്ത്‌ നിന്നും പ്രധാനനിരീക്ഷണം ഉണ്ടായത്‌.

അമർ സാധുറാം മുൾചന്ദാനിയുടെ മെഡിക്കൽ റിപ്പോർട്ടുകൂടി പരിഗണിച്ചശേഷം സുപ്രീംകോടതി അദ്ദേഹത്തിന്‌ ജാമ്യം അനുവദിച്ചു.

 പിഎംഎൽഎ നിയമത്തിൽ ജാമ്യത്തിനുള്ള കർശനവ്യവസ്ഥകൾ ഇഡി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം വ്യാപകമായിട്ടുള്ള സാഹചര്യത്തിലാണ്‌ സുപ്രീംകോടതിയുടെ ഇടപെടൽ. ‘ജാമ്യമമാണ്‌ നിയമം; ജയിൽ അസാധാരണം’–- എന്ന നിയമതത്ത്വം അനുസരിച്ച്‌ നിരവധി പിഎംഎൽഎ കേസുകളിലെ പ്രതികൾക്ക്‌ സമീപകാലത്ത്‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top