21 November Thursday
കേന്ദ്ര സർക്കാരിന്‌ തിരിച്ചടി

ധാതുസമ്പത്തിന്റെ നികുതി ; 2005 മുതലുള്ള നികുതി 
സംസ്ഥാനങ്ങള്‍ക്ക് പിരിക്കാം

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2024


ന്യൂഡൽഹി
ധാതുസമ്പത്തിന് സംസ്ഥാനങ്ങൾക്ക്‌ നികുതി ചുമത്താനുള്ള അധികാരത്തിന്‌ 2005 ഏപ്രിൽ ഒന്ന്‌ മുതൽ പ്രാബല്യമുണ്ടാകുമെന്ന്‌ സുപ്രീംകോടതി. സംസ്ഥാനങ്ങൾക്കുള്ള ഈ അധികാരത്തിന്‌ അടിവരയിട്ട്‌ സുപ്രീംകോടതി നിർണായകവിധി പുറപ്പെടുവിച്ച 2024 ജൂലൈ 25 മുതൽ പ്രാബല്യം അനുവദിച്ചാൽ മതിയെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം തള്ളി. ‘മിനറൽ ഏരിയ ഡെവലപ്പ്‌മെന്റ്‌ അതോറിറ്റി–- സ്‌റ്റീൽ അതോറിറ്റി ഓഫ്‌ ഇന്ത്യ’ കേസിലെ ഒമ്പതംഗ ഭരണഘടനാബെഞ്ചിന്റെ വിധിക്ക് മുൻകാല പ്രാബല്യമുണ്ടാകുമെന്ന്‌ സുപ്രീംകോടതി വ്യക്തത വരുത്തി. അന്ന്‌ മുതലുള്ള നികുതി കുശിക സംസ്ഥാനങ്ങൾക്ക്‌ ഈടാക്കാം. 2026 ഏപ്രിൽ ഒന്ന്‌ മുതൽ 12 വർഷകാലയളവിൽ ​ഗഡുക്കളായി നികുതി അടച്ചുതീർത്താൽ മതിയാകും. 2005 ഏപ്രിൽ ഒന്നിന്‌ മുമ്പുള്ള ഇടപാടുകൾക്ക്‌ വിധി ബാധകമാകില്ല. ആ നികുതി ഈടാക്കുന്നതിന്‌ പലിശയോ പിഴയോ വാങ്ങാനും പാടില്ല–- സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഖനികൾക്കും ധാതുനിക്ഷേപങ്ങളുള്ള ഭൂമികൾക്കും നികുതി ചുമത്താനുള്ള സംസ്ഥാന സർക്കാരുകളുടെ അവകാശത്തിന്‌ നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രത്തിന്‌ അധികാരമില്ലെന്നാണ്‌ വിധി പുറപ്പെടുവിച്ചത്‌. ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ഒമ്പതംഗബെഞ്ചിലെ എട്ട്‌ ജഡ്‌ജിമാരും പാർലമെന്റ്‌ പാസാക്കിയ നിയമം നികുതി ഈടാക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തെ ഇല്ലാതാക്കുന്നില്ലെന്ന്‌ നിലപാടെടുത്തു. ജസ്‌റ്റിസ്‌ ബി വി നാഗരത്ന മാത്രം ഭൂരിപക്ഷ വിധിയോട്‌ വിയോജിച്ച്‌ ഭിന്നവിധി പുറപ്പെടുവിച്ചു.

വിധി പുറപ്പെടുവിച്ച ദിവസം മുതൽ പ്രാബല്യം നൽകിയാൽ മതിയെന്നുള്ള ആവശ്യവുമായി കേന്ദ്രം ഉടൻ രംഗത്തെത്തി. ജൂലൈ 31ന്‌ ഒമ്പതംഗബെഞ്ച്‌ പ്രത്യേകം വാദംകേട്ടു. മിക്ക വ്യവസായങ്ങളും ധാതുസമ്പത്തിനെ ആശ്രയിച്ചാണുള്ളതെന്നും മുൻകാല കുടിശിക ഈടാക്കാമെന്ന്‌ വിധിയുണ്ടായാൽ ദൂരവ്യാപകപ്രത്യാഘാതമുണ്ടാകുമെന്നും കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത വാദിച്ചു.

വിവിധ ഖനന കമ്പനികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ ഹരീഷ്‌സാൽവേ, മുകുൾറോഹ്‌തഗി, അരവിന്ദ്‌ദത്തർ തുടങ്ങിയവർ കേന്ദ്രസർക്കാർ നിലപാടിനെ ശക്തമായി പിന്തുണച്ചു.എന്നാൽ, ജാർഖണ്ഡും ഉത്തർപ്രദേശും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ വിധിക്ക്‌ മുൻകാല പ്രാബല്യം വേണമെന്ന്‌ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top