ന്യൂഡൽഹി> പെരുമ്പാവൂരിൽ കനാൽ പുറമ്പോക്കിലെ വീട്ടിൽ നിയമവിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയശേഷം അതിക്രൂരമായി കൊന്ന കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. വധശിക്ഷ ശരിവെച്ച കേരളാഹൈക്കോടതി വിധിക്കെതിരെ അമീറുൾ ഇസ്ലാമിന്റെ അപ്പീൽ പരിഗണിച്ച ജസ്‌റ്റിസ് ഭൂഷൺ ആർ ഗവായ്, ജസ്‌റ്റിസ് സഞ്‌ജയ്‌കരോൾ, ജസ്‌റ്റിസ് കെ വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ശിക്ഷ സ്‌റ്റേ ചെയ്‌തത്.
തടവിലായിരുന്ന കാലയളവിൽ അമീറുൾഇസ്ലാം ജയിലിൽ ചെയ്‌തിരുന്ന ജോലി, പെരുമാറ്റരീതി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിയ്യൂർ ജയിൽ സൂപ്രണ്ട് എട്ടാഴ്‌ച്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് നൽകണം. അമീറുൾഇസ്ലാമിന്റെ മനഃശാസ്‌ത്ര വിശകലനം നടത്താൻ വേണ്ടി തൃശൂർ മെഡിക്കൽകോളേജ് പ്രത്യേകസംഘത്തെ രൂപീകരിക്കണം. എട്ടാഴ്‌ച്ചയ്ക്കുള്ളിൽ സംസ്ഥാനസർക്കാർ സ്‌റ്റാൻഡിങ്ങ്‌കോൺസൽ മുഖേന മനഃശാസ്‌ത്രവിശകലനറിപ്പോർട്ട് കോടതിക്ക് കൈമാറണം.
നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ ‘പ്രൊജക്‌റ്റ് 39എ’യുടെ ഭാഗമായി പ്രവർത്തിക്കുന്ന നൂറിയഅൻസാരി അമീറുൾഇസ്ലാമിന്റെ ശിക്ഷ ലഘൂകരിക്കാനുള്ള ഘടകങ്ങളെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം. 12 ആഴ്‌ച്ചയ്‌ക്കുള്ളിൽ നൂറിയ അൻസാരി റിപ്പോർട്ട് സമർപ്പിക്കണം. 12 ആഴ്‌ച്ചകൾക്ക് ശേഷം സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..