03 October Thursday

ജയിലുകളിൽ ജാതി അടിസ്ഥാനത്തിൽ ജോലി; രൂക്ഷവിമർശനവുമായി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

ന്യൂഡൽഹി > രാജ്യത്തെ ജയിലുകളിൽ നിലനിൽക്കുന്ന ജാതി വിവേചനം ഭരണഘടനാ വിരുദ്ധമെന്ന്‌ സുപ്രീംകോടതി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും ജയിലുകളിൽ ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽ നൽകുന്ന ചട്ടങ്ങൾ നിലനൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ കോടതി വിധി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്‌, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്

ജയിലുകളിൽ നിലനിൽക്കുന്ന ഇത്തരം ചട്ടങ്ങൾ ഭരണഘടനയിലെ ജാതി, മതം, വർണം, ലിംഗം, വർണം തുടങ്ങിയവയുടെ പേരിലുള്ള വിവേചനങ്ങളെ നിരോധിക്കുന്ന അനുഛേദം 15ന്റെ ലംഘനമാണെന്നും സുപ്രീംകോടതി വിലയിരുത്തി.  ‘സ്വാതന്ത്രം ലഭിച്ച്‌ 75 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയിൽ ജാതി വിവേചനം വേരൂന്നി നിൽക്കുന്നു എന്നത്‌  ‘ദയനീയ’മാണ്‌. എല്ലാവരും തുല്യരായാണ്‌ ജനിക്കുന്നത്‌, ജാതിയുടെ പേരിൽ വേർതിരിവുകൾ പാടില്ല’- സുപ്രീംകോടതി നിലപാട്‌ വ്യക്തമാക്കി.

ജയിൽ ശുചീകരിക്കുന്നതിന്‌ പിന്നോക്ക ജാതിയിൽപ്പെട്ടവരെ ചുമതലപ്പെടുത്തുന്നതും പാചക ജോലികൾക്കായി മുന്നോക്ക ജാതിക്കാരെ പരിഗണിക്കുന്നതുമൊക്കെ ഭരണഘടനാ വിരുദ്ധമാണ്‌. എല്ലാ ജാതിയിൽപ്പെടുന്നവർക്കും ഒരേ രീതിയിലാണ്‌ തൊഴിൽ നൽകേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. ജയിൽ രജിസ്റ്ററിലെ ജാതി കോളങ്ങൾ ഒഴിവാക്കാനും നിർദേശമുണ്ട്‌. തടവുകാർക്ക്‌ ജാതി അടിസ്ഥാനത്തിലല്ലാതെ ജോലി നൽകേണ്ടതില്ലെന്ന യുപിയിലെ ജയിൽ ചട്ടങ്ങളോടും കോടതി എതിർപ്പ് രേഖപ്പെടുത്തി.

ജാതിയുടെ അടിസ്ഥാനത്തിൽ ജയിലുകളിൽ ജോലി ഏർപ്പെടുത്തുന്ന ചട്ടങ്ങളുള്ള സംസ്ഥാനങ്ങളോട്‌ മൂന്ന്‌ മാസത്തിനകം ഈ ജയിൽ മാനുവലുകൾ പരിഷ്‌കരിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര സർക്കാരിന്റെ മാതൃകാ ജയിൽ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താനും കോടതി നിർദ്ദേശം നൽകി. മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ വിധി.

ഉത്തർപ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാൾ, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയിൽ മാനുവലുകളിലാണ്‌ ജാതി തിരിച്ചുള്ള വ്യവസ്ഥകൾ നിലനിൽക്കുന്നത്‌. ബ്രാഹ്‌മണരായ തടവുകാരെ പാചക ജോലികള്‍ക്ക് നിയമിക്കണമെന്ന്‌ രാജസ്ഥാനിലെ ജയിൽ രേഖകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top