ന്യൂഡൽഹി > ഹരിയാനയിലെ കർണാലിൽ പൊലീസ് മർദനത്തിൽ പരിക്കേറ്റ ഒരു കർഷകൻ മരിച്ചു. കർണാലിലെ റായ്‌പ്പുർ ജതൻ സ്വദേശിയായ സുശീൽ കാജലാണ് ലാത്തിയടിയെ തുടർന്ന് മരിച്ചത്. പൊലീസ് മർദനത്തിൽ പരിക്കേറ്റ നിരവധി കർഷകർ ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തെ പ്രതിപക്ഷ പാർടികളും കർഷക സംഘടനകളും നിശിതമായി വിമർശിച്ചു. കർഷക സമരത്തെ ചോരയിൽ മുക്കാനാണ് ഹരിയാനയിലെ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യമുയർന്നു.
കാർഷിക നിയമങ്ങൾക്കെതിരായി സമരത്തിലുള്ള കർഷകരെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നു. ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കർഷകർ ഞായറാഴ്‌ചയും റോഡുകൾ ഉപരോധിച്ചു. പൊലീസ് അതിക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌തു.
സുശീൽ കാജൽ ഒമ്പതുമാസമായി സമരങ്ങളിൽ സജീവമായിരുന്നു. കർണാൽ ടോൾ പ്ലാസയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് ക്രൂരമായി മർദിച്ചു. ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ബികെയു നേതാവ് ഗുർണാം സിങ് ചദുനി പറഞ്ഞു.
വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ബിജെപി നേതാക്കൾക്കെതിരായ പ്രതിഷേധം തുടരുമെന്നും സംയുക്ത കിസാൻമോർച്ച പ്രസ്‌താവനയിൽ അറിയിച്ചു.
കർഷകരുടെ തലയടിച്ച് പൊട്ടിക്കാൻ നിർദേശിച്ച സബ്‌ഡിവിഷണൽ മജിസ്‌ട്രേറ്റ് ആയുഷ് സിൻഹയെ പുറത്താക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..