22 December Sunday

ഗോതമ്പ് മോഷ്ടിച്ചെന്ന് ആരോപണം; യുപിയിൽ ദളിത് കുട്ടികൾക്കുനേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ബഹ്‌റൈച്ച്> ഗോതമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ ദളിത് കുട്ടികൾക്കുനേരെ ആക്രമണം. യുപിയിലെ ബഹ്‌റൈച്ച് ജില്ലയിലാണ്‌ സംഭവം. അഞ്ച് കിലോ ഗോതമ്പ്‌ മോഷ്ടിച്ചുവെന്ന്‌ ആരോപിച്ച്‌  ദളിത് വിഭാഗത്തിലെ 12 –--14 വയസ് പ്രായമുള്ള മൂന്ന് ആൺകുട്ടികളെ മർദിക്കുകയും തല മൊട്ടയടിച്ച് മുഖത്ത്‌ കരിവാരിത്തേക്കുക്കുകയും കൈത്തണ്ടയിൽ 'കള്ളൻ' എന്ന് എഴുതുകയും കൈകൾ കെട്ടി ഗ്രാമത്തിന് ചുറ്റും നടത്തുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.

കുട്ടികളുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പ്രതികളായ നസിം ഖാൻ, കാസിം ഖാൻ, ഇനായത്, സാനു എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിത, എസ്‌സി/എസ്ടി എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി നൻപാറ എസ്എച്ച്ഒ പ്രദീപ് സിംഗ് അറിയിച്ചു. മുൻ ഗ്രാമത്തലവനായ സാനു ഒളിവിലാണ്, ബാക്കി മൂന്ന് പേരെ അറസ്റ്റ് പൊലീസ്‌ ചെയ്തു.

ഗ്രാമത്തിൽ ഒരു കോഴി ഫാം നടത്തിയിരുന്ന നസീമും കാസിമും ചേർന്നാണ്‌ കുട്ടികൾക്കെതിരെ അഞ്ച്‌ കിലോ ഗോതമ്പ് മോഷ്ടിച്ചതായി ആരോപിച്ചത്‌. കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു.

കോഴി ഫാമിൽ ജോലിക്ക് പോകാത്തതിനാലാണ്‌ കുട്ടികളെ പീഡിപ്പിച്ചതെന്നും കുട്ടികളെ ഇവർ ഇലക്ട്രിക് കേബിളുകൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തെത്തുടർന്ന്‌  ഗ്രാമത്തിൽ പൊലീസ്‌ സേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top