23 December Monday
വീര്യം കുറഞ്ഞവ വിതരണത്തിന്

ഓൺലൈനിൽ മദ്യ വില്പനയ്ക്ക് അവസരം തേടി നിർമ്മാതാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024


കോട്ടയം> ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, ബിഗ്ബാസ്‌ക്കറ്റ്, സൊമാറ്റോ എന്നിവയുടെ  ഓണ്‍ലൈന്‍ വിപണത്തില്‍ മദ്യവും പരിഗണിക്കുന്നു. ഡെലിവറിയില്‍ മദ്യം ഉള്‍പ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുന്നതായി വ്യവസായ എക്സിക്യൂട്ടീവുകളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു.

ബിയര്‍, വൈന്‍ തുടങ്ങിയ ലഹരി കുറഞ്ഞ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളുടെ ഡെലിവറിയാണ് തുടക്കത്തില്‍. ന്യൂഡല്‍ഹി, കര്‍ണാടക, ഹരിയാന, പഞ്ചാബ്, കേരളം, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ടുകള്‍ക്ക് ശ്രമം നടത്തുന്നതായി വാര്‍ത്തയില്‍ പറയുന്നു.

നിലവില്‍ ഒഡീഷയിലും പശ്ചിമ ബംഗാളിലും മദ്യം ഹോം ഡെലിവറി ചെയ്യാന്‍ അനുമതിയുണ്ട്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളില്‍ കോവിഡ് -19 ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രണങ്ങളോടെ താല്‍ക്കാലികമായി മദ്യവിതരണം അനുവദിച്ചിരുന്നു. ഓണ്‍ലൈന്‍ ഡെലിവറികള്‍ പശ്ചിമ ബംഗാളിലും ഒഡീഷയിലും വില്‍പ്പനയില്‍ 20-30 ശതമാനം വര്‍ധനവിന് കാരണമായതായി റീട്ടെയില്‍ വ്യവസായ എക്‌സിക്യൂട്ടീവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



' വലിയ നഗരങ്ങളില്‍ താമസമാക്കിയവര്‍, ഭക്ഷണത്തോടൊപ്പം മിതമായ രീതിയില്‍ മദ്യം കഴിക്കുന്ന ആളുകള്‍, പരമ്പരാഗത മദ്യവില്‍പ്പന ശാലകളില്‍ നിന്നും കടകളില്‍ നിന്നും മദ്യം വാങ്ങുന്നത് അസുഖകരമായ അനുഭവം ആയി കരുതുന്ന സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് പദ്ധതി പരിഗണിക്കുന്നത്,' എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ ഒരു എക്‌സിക്യുട്ടീവ് വ്യക്തമാക്കി.

എന്‍ഡ്-ടു-എന്‍ഡ് ട്രാന്‍സാക്ഷന്‍ റെക്കോര്‍ഡുകള്‍, വാങ്ങുന്നയാളുടെ പ്രായംസമയക്രമം, ഡ്രൈ ഡേ, സോണല്‍ ഡെലിവറി ഉറപ്പാക്കിയാവും വിതരണം.

കഴിഞ്ഞദിവസം ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും പ്ലാറ്റ്ഫോം ഫീസ് 20 ശതമാനം ഉയര്‍ത്തിയിരുന്നു. ഇതോടെ ഉയര്‍ന്ന ഡെലിവറി ചെലവ് നല്‍കേണ്ടി വരും. മദ്യം പോലെ തീ പിടിക്കാവുന്നതും പൊട്ടി പോകാന്‍ സാധ്യതയുള്ളതുമായ വസ്തുക്കള്‍ നിയമപരമായി വിതരണം ചെയ്യാന്‍ കഴിയുമോ എന്ന സംശയവും ഉന്നയിക്കപ്പെടന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top