ന്യൂഡൽഹി> സ്വിസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ ഇന്ത്യക്കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തിലക്‌നഗറിൽ എംസിഡി സ്‌കൂളിന് സമീപം കഴിഞ്ഞദിവസമാണ് 30 വയസ് തോന്നിക്കുന്ന സൂറിച്ച് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്. കൈയ്യും കാലും ചങ്ങലയാൽ ബന്ധിച്ച നിലയിലുള്ള മൃതദേഹം പ്ലാസ്‌റ്റിക്ക് കവറുകൾ കൊണ്ട് മൂടിയ നിലയിലായിരുന്നു. കൊലപാതകം നടത്തിയ യുവതിയുടെ സുഹൃത്ത് ഗുർപ്രീത്‌സിങ്ങിനെ ശനിയാഴ്‌ച്ച പൊലീസ് അറസ്‌റ്റ് ചെയ്‌തു.
സ്വിറ്റ്‌സർലന്റിൽ വെച്ചാണ് ഗുർപ്രീത് യുവതിയുമായി പരിചയപ്പെടുന്നത്. പിന്നീട് അവരെ കാണാനായി ഇയാൾ പലതവണ സ്വിറ്റ്‌സർലന്റിലേക്ക് യാത്ര ചെയ്‌തു. ഈ മാസം 11ന് ഇന്ത്യയിലെത്തിയ യുവതിയെ ഒക്ടോബർ 16ന് ഗുർപ്രീത് കൊലപ്പെടുത്തി. പഴയ കാർ വാങ്ങി അതിനുള്ളിൽ മൃതദേഹം സൂക്ഷിച്ചു. ദുർഗന്ധം വരാൻ തുടങ്ങിയതിനെ തുടർന്ന് ഗുർപ്രീത് എംസിഡി സ്‌കൂളിന് സമീപം മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
യുവതിക്ക് മറ്റുചിലരുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്ന് അവരെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുക ആയിരുന്നെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞുള്ള അന്വേഷണമാണ് ഗുർപ്രീതിന്റെ അറസ്‌റ്റിൽ കലാശിച്ചത്. ഗുർപ്രീതിന്റെ പക്കൽ നിന്നും രണ്ട് കോടിയോളം രൂപയും പൊലീസ് പിടിച്ചെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..