മലപ്പുറം
മുനമ്പത്തെ വിവാദഭൂമി വഖഫ് ഭൂമിയായി രജിസ്‌റ്റർചെയ്‌തത് മുസ്ലിംലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ കാലത്താണെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ ടി കെ ഹംസ. തന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയല്ല. റഷീദലി തങ്ങളുടെ കാലത്താണ് മുനമ്പം ഭൂമിവിഷയത്തിൽ തുടർനടപടി സ്വീകരിക്കാനുള്ള എല്ലാ അധികാരവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് നൽകി ഉത്തരവിറക്കിയത്. കക്ഷികൾക്ക് നോട്ടീസ് അയച്ചത് അദ്ദേഹമാണ്. അതിൽ തനിക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം ‘ദേശാഭിമാനി’യോട് പറഞ്ഞു.
മുനമ്പത്തെ 404.75 ഹെക്ടർ ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് സിദ്ദിഖ് സേഠ് ആണ് ദാനമായി നൽകിയത്. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മുനമ്പം വിഷയം ഉയർത്തിക്കൊണ്ടുവന്നുവെന്ന ആരോപണം ശരിയല്ല. കേരളത്തിലെ മുഴുവൻ വഖഫ് സ്വത്തുക്കളെക്കുറിച്ചും പരിശോധിക്കാനാണ് നിസാർ കമീഷനെവച്ചത്. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണോയെന്ന് തീരുമാനിക്കാനുള്ള അധികാരം വഖഫ് ബോർഡിനാണെന്നാണ് അദ്ദേഹം രേഖാമൂലം അറിയിച്ചത്. തുടർന്ന് റഷീദലി തങ്ങൾ ചെയർമാനായ ബോർഡ് ഇത് വഖഫ് ഭൂമിയായി രജിസ്‌റ്റർചെയ്‌തു. ഭൂമി തിരിച്ചുപിടിക്കുന്നത് ഉൾപ്പെടെ തുടർനടപടി സ്വീകരിക്കാൻ വഖഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും ചുമതലപ്പെടുത്തി. ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെ വഖഫ് നിയമത്തിലെ 52, 54 വകുപ്പ് പ്രകാരം തുടർ നടപടികൾ സ്വീകരിക്കാൻ എക്സിക്യൂട്ടീവ് ഓഫീസർക്ക് 2019 മെയ് 20ന് ചേർന്ന ബോർഡ് യോഗം അധികാരം നൽകി.
2020 ജനുവരിയിലാണ് ഞാൻ ചെയർമാനായത്. പഴയ ഉത്തരവനുസരിച്ചാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രവർത്തിച്ചത്. നോട്ടീസ് അയക്കുന്ന കാര്യംതന്നെ അറിയിച്ചിട്ടില്ല. സാധാരണക്കാർക്കല്ല, സമ്പന്നർക്കും ബിസിനസുകാർക്കുമാണ് അദ്ദേഹം നോട്ടീസ് അയച്ചത്. സ്ഥല ഉടമകളുടെ ഭൂനികുതി അടയ്‌ക്കുന്നത് തടഞ്ഞത് കോടതിയാണ്.
വഖഫ് നിയമമനുസരിച്ച് സർക്കാർ സർവീസിൽ ഡെപ്യൂട്ടി സെക്രട്ടറി തസ്‌തികയിലുള്ള ആളെയാണ് ഡെപ്യൂട്ടേഷനിൽ ചീഫ് ഓഫീസറായി നിയമിക്കേണ്ടിയിരുന്നത്. ഇത് ലംഘിച്ചാണ് ഇദ്ദേഹത്തെ നിയമിച്ചത്. താൻ വന്നശേഷം അദ്ദേഹത്തെ പിരിച്ചുവിട്ടു. അതിനെതിരെ അദ്ദേഹം ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ടി കെ ഹംസ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..