22 December Sunday

സ്ത്രീ സുരക്ഷ: പുരുഷ ടൈലര്‍മാരെയും ബാര്‍ബര്‍മാരെയും നിരോധിക്കണം- യുപി വനിത കമ്മീഷന്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

 ലക്‌നൗ> സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുരുഷ ടൈലര്‍മാരെയും ബാര്‍ബര്‍മാരെയും ജിം ട്രെയിനര്‍മാരെയും നിരോധിക്കണമെന്ന നിര്‍ദേശവുമായി യുപി വനിത കമ്മീഷന്‍. പൊതു ഇടങ്ങളില്‍ സ്ത്രീ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി സ്‌കൂള്‍ ബസുകളില്‍ വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും വനിതാ വസ്ത്രശാലകളില്‍ വനിത ജീവനക്കാരെ നിയമിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 28ന് നടന്ന ഉത്തര്‍പ്രദേശ് വനിത കമ്മീഷന്റെ യോഗത്തിന് ശേഷം സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാനായി നല്‍കിയ നിര്‍ദേശങ്ങളാണിവ.

'സലൂണുകളില്‍ സ്ത്രീ കസ്റ്റമര്‍മാരെ ശ്രദ്ധിക്കേണ്ടത് വനിതകളായിരിക്കണം. പുരുഷന്മാര്‍ ഇത്തരത്തിലുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിനാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു എന്നാണ് ഞങ്ങളുടെ അഭിപ്രായം. ചര്‍ച്ചകള്‍ പ്രാഥമികമാണ്.  നിര്‍ദേശങ്ങളുടെ സാധ്യതകള്‍ ഇനിയും തീരുമാനിച്ചിട്ടില്ല. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ നിര്‍ദ്ദേശങ്ങള്‍  താഴേതട്ട് മുതല്‍ നടപ്പിലാക്കുന്നതിനുള്ള ഒരു നയം രൂപീകരിക്കാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും,' കമ്മീഷന്‍ അംഗം ഹിമാനി അഗര്‍വാള്‍ പറഞ്ഞു.

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ബബിത ചൗഹാനാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ ഇതിനെ പിന്തുണച്ചതായും അവര്‍ പറഞ്ഞു. ഇപ്പോള്‍ ഇതൊരു നിര്‍ദ്ദേശം മാത്രമാണെന്നും ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്നും അഗര്‍വാള്‍ വ്യക്തമാക്കി




 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top