21 November Thursday
സുപ്രീം കോടതി മുമ്പാകെ സത്യവാങ്മൂലം

ഇഷ ഫൗണ്ടേഷനെതിരായ പൊലീസ് റിപ്പോർട്ട് പുറത്ത്; കാണാതായവരെ കുറിച്ച് വിവരമില്ല, പരിസരത്ത് ശ്മശാനവും

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

കോയമ്പത്തൂർ> ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ നിന്ന് കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്‌നാട് പോലീസിന്റെ റിപ്പോര്‍ട്ട്. ഇഷ ഫൗണ്ടേഷന്‍ ക്യാമ്പസ് പരിസരത്ത് ശ്മശാനമുണ്ടെന്ന് വരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ വിവരിക്കുന്നത്.

തമിഴ്‌നാട് പോലീസ് അവരുടെ അന്വേഷണത്തിന് തുടർച്ചയായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഇവിടെ നിന്നും കാണാതായി എന്നു പരാതിലഭിച്ച പലരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഇഷ ഫൗണ്ടേഷനില്‍ ധ്യാനത്തിന്റെയും മറ്റും പേരിൽ വിവിധ കോഴ്‌സുകൾക്കായി എത്തി പിന്നീട് കാണാതായവരെ സംബന്ധിച്ച പരാതികളും 23 പേജുകളടങ്ങുന്ന റിപ്പോർട്ടിലുണ്ട്. ശ്മശാനനിർമ്മണത്തിനെതിരെ പ്രദേശവാസി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

കേസുകളുടെ റിപ്പോര്‍ട്ട് കോയമ്പത്തൂര്‍ പോലീസ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പോലീസ് സൂപ്രണ്ട് കെ. കാര്‍ത്തികേയന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, 15 വര്‍ഷത്തിനിടെ ആലന്തുരൈ പോലീസ് സ്റ്റേഷനില്‍ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ആറു പേരെ കാണാതായതായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പറയുന്നു. ഇതില്‍ അഞ്ചു കേസുകള്‍ തുടര്‍നടപടി ഒഴിവാക്കി അവസാനിപ്പിച്ചതായും വ്യക്തമാക്കി. ശേഷിച്ച കേസില്‍ ഇപ്പോഴും അന്വേഷണം തുടരുന്നു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 174 പ്രകാരം ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട

പോക്സോ കേസിന്റെ വിശദാംശങ്ങളും പോലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഡല്‍ഹിയിലെ സാകേത് പോലീസ് സ്റ്റേഷനില്‍ ഒരു യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയെ കുറിച്ചും പരാമര്‍ശമുണ്ട്.

ഗോത്രവര്‍ഗക്കാര്‍ക്ക് നല്‍കിയ ഭൂമി കൈയേറിയതിന് ഇഷ യോഗ സെന്ററിനെതിരെയുള്ള എഫ്‌.ഐ.ആർ നിലവിലുണ്ട് എന്നും വ്യക്തമാക്കുന്നു.

ഇഷ ഫൗണ്ടേഷനെതിരെ ഫയല്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ തമിഴ്നാട് പോലീസിനോട് മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഇത് സ്റ്റേ ചെയ്ത് സുപ്രീം കോടതി നടപടിക്കെതിരെയാണ് ഇപ്പോൾ പൊലീസ് എതിര്‍ സത്യവാങ്മൂലം സമർപ്പിച്ചത്. സത്യവാങ്മൂലത്തിന്റെ ഭാഗമായാണ് റിപ്പോർട്ട്. അന്തേവാസികളായ 558 പേരിൽ നിന്നും വിവരങ്ങൾ തേടിയതായും പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top