21 November Thursday

ടിസ്സിൽ വയനാട്‌ ഫണ്ടിനും വിലക്ക്‌ ; പിഎസ്‌എഫിന്റെ യൂണിറ്റ്‌ ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024


ന്യൂഡൽഹി
പുരോഗമന വിദ്യാർഥി ഫോറത്തിന്‌ നിരോധം ഏർപ്പെടുത്തിയതിനു പിന്നാലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസസിൽ (ടിസ്സ്‌) വയനാട്‌ ദുരന്തബാധിതർക്കായി നടത്തിയ ഫണ്ട്‌ ശേഖരണത്തിനും വിലക്ക്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഫണ്ട്‌ സമാഹരണം നടത്തിയ മുംബൈ ക്യാമ്പസിലെ മലയാളി വിദ്യാർഥികളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഫണ്ട്‌ ആവശ്യമുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനോട്‌ ചോദിക്കണമെന്ന്‌ പരിഹസിച്ചെന്നും വിദ്യാർഥികൾ പ്രതികരിച്ചു. നേതൃത്വം നൽകിയ പിഎസ്‌എഫിന്റെ യൂണിറ്റ്‌ ഭാരവാഹികൾക്ക് അധികൃതർ കാരണം കാണിക്കൽ നോട്ടീസും നൽകി.

കഴിഞ്ഞ ആഴ്‌ചയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ധനസമാഹരണം നടത്തിയത്‌. സിഎംഡിആർഎഫിന്റെ ക്യുആർ കോഡ്‌ എല്ലാവർക്കും നൽകി നേരിട്ട്‌ സംഭാവന നൽകാൻ അഭ്യർഥിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരുമടക്കം സംഭാവന നൽകി. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ്‌ ദുരന്തബാധിതർക്കുള്ള സഹായം വിലക്കിയതെന്ന്‌ വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. ഏത്‌ സംസ്ഥാനത്തെയും ദുരന്തബാധിതകർക്കായി ഒറ്റക്കെട്ടായി വിദ്യാർഥികൾ ഫണ്ട്‌ സമാഹരിച്ച്‌ നൽകുകയാണ്‌ ടിസ്സിലെ പതിവ്‌. 2018ൽ കേരളത്തിലെ മഹാപ്രളയത്തിൽ ടിസ്സിലെ വിദ്യാഥികൾ 2.18 ലക്ഷം രൂപ സിഎംഡിആർഎഫിലേക്ക്‌ സംഭാവന ചെയ്‌തിരുന്നു.

പ്രതിഷേധം കനത്തു ; പിഎസ്‌എഫ്‌ നിരോധനം 
പുനഃപരിശോധിക്കുമെന്ന്‌ കേന്ദ്രം
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസിൽ (ടിസ്സ്‌) എസ്‌എഫ്‌ഐയിൽ അഫിലിയേറ്റ്‌ ചെയ്‌ത സംഘടനയായ പുരോഗമന വിദ്യാർഥി ഫോറത്തെ(പിഎസ്‌എഫ്‌) നിരോധിച്ച ഉത്തരവ്‌ കേന്ദ്രസർക്കാർ പുനഃപരിശോധിക്കും. ഇതുസംബന്ധിച്ച നോട്ടീസ്‌ ശനിയാഴ്‌ച സർവകലാശാല അധികൃതർ പുറത്തിറക്കി. ആഗസ്‌ത്‌ 20ലെ ഉത്തരവിനെതിരെയുണ്ടായ വിമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും സർവകലാശാലയുടെ വിപുലമായ താൽപര്യം മുൻനിർത്തി ഉത്തരവ്‌ പുനഃപരിശോധിക്കുമെന്നുമാണ്‌ രജിസ്‌ട്രാർ നരേന്ദ്ര മിശ്ര പുറത്തിറക്കിയ നോട്ടീസിൽ പറയുന്നത്‌. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ചെയർമാനായ ഗവേണിങ്‌ സമിതിയാണ്‌ നാല്‌ ടിസ്സ്‌ ക്യാമ്പസുകളെ നിയന്ത്രിക്കുന്നത്‌. നിരോധനത്തിനെതിരെ ടിസ്സ്‌ അധ്യാപകരുടെ സംഘടനയും രംഗത്തുവന്നിരുന്നു. മതത്തിന്റെയോ ജാതിയുടെയോ രാഷ്‌ട്രീയ നിലപാടുകളുടെയോപേരിൽ വിദ്യാർഥികൾക്കെതിരെ നടക്കുന്ന വിവേചനത്തെ അംഗീകരിക്കില്ലെന്നായിരുന്നു വിസിക്കും പിവിസിക്കും അധ്യാപക സംഘടന നൽകിയ കത്ത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top