ന്യൂഡൽഹി >എയർ ഇന്ത്യ വിമാനത്തിലെ ന്യൂഡൽഹിയിലേക്കുള്ള 100-ലധികം യാത്രക്കാർ തായ്‌ലൻഡിലെ ഫുക്കറ്റിൽ കുടുങ്ങിയിട്ട് 80 മണിക്കൂറിലേറെയായി. യാത്രക്കാരിൽ പ്രായമായവരും കുട്ടികളുമുണ്ട്. സാങ്കേതിക തകരാർ കാരണമാണ് വിമാനം ഫുക്കറ്റിൽ കുടുങ്ങിയതെന്ന് അധികൃതർ അറിയിച്ചു. വിവരം പങ്കുവച്ച് നിരവധിയാത്രക്കാരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇതിനോടകം പ്രചരിച്ചു.
നവംബർ 16 ന് രാത്രിയാണ് വിമാനം ഡൽഹിയിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്നത്. എന്നാൽ സാങ്കേതിക തകരാർ കാരണം വിമാന സർവീസ് ആറ് മണിക്കൂർ വൈകുന്നതായി എയർലൈൻ പ്രതിനിധികൾ യാത്രക്കാരെ അറിയിച്ചു. മണിക്കൂറുകളോളം കാത്തുനിന്ന യാത്രക്കാരോട് വിമാനത്തിൽ കയറാൻ ആവശ്യപ്പെട്ടെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ച് ഇറക്കുകയായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. പിന്നീട് വിമാനം റദ്ദാക്കിയതായി അറിയിച്ചു.
സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും ഇതേ വിമാനത്തിൽ യാത്ര തുടർന്നുവെന്നും യാത്രക്കാർ പറഞ്ഞു. എന്നാൽ പറന്നുയർന്ന രണ്ട് മണിക്കൂറുകൾക്ക് ശേഷം ഫുക്കറ്റിൽ തന്നെ തിരിച്ചിറക്കി. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്ന് യാത്രക്കാരോട് വീണ്ടും എയർലൈൻ അറിയിച്ചു. ഇതിന് ശേഷം യാത്രക്കാർ ഫുക്കറ്റിൽ കുടുങ്ങുകയായിരുന്നു.
എയർലൈൻ പ്രതിനിധികളിൽ നിന്ന് യാത്രക്കാർക്ക് തൃപ്തികരമായ പ്രതികരണമൊന്നും ലഭിക്കുന്നില്ലെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പക്കുന്നത്.ഡ്യൂട്ടി സമയപരിധി കാരണം നവംബർ 16 ന് വിമാനം പറത്തിയില്ല. നവംബർ 17 ന് വിമാനം തിരിച്ചിറക്കേണ്ടി വന്നത് സാങ്കേതിക തകരാറിനാലാണ്. യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. യാത്രക്കാർക്ക് പണം തിരികെ നൽകുമെന്നും ഫൂക്കറ്റിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..