ഹൈദരാബാദ് > തെലങ്കാനയിലെ പെൺകുട്ടികളുടെ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. 30 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെഡ്ഡപ്പള്ളിയിലുള്ള കസ്തൂർബാ ഗാന്ധി ഗേൾസ് വിദ്യാലയയിലെ വിദ്യാർഥിനികൾക്കാണ് ദേഹാസ്വസ്ഥ്യമുണ്ടായത്. കടുത്ത ചുമയും ശ്വാസതടസവും അനുഭവപ്പെട്ട വിദ്യാർഥികളെ ഉടനെ തന്നെ സ്കൂൾ അധികൃതർ പെഡ്ഡപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീടനാശിനി കാരണമാണ് ദേഹാസ്വസ്ഥ്യമുണ്ടായതെന്നാണ് കരുതുന്നത്.
രാവിലെ വിദ്യാർഥികൾക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ഉച്ച കഴിഞ്ഞതോടെയാണ് വിദ്യാർഥിനികൾക്ക് ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടത്. വിദ്യാർഥിനികൾക്ക് ഛർദ്ദിയോ വയറിളക്കമോ ഇല്ലാതിരുന്നതിനാൽ ഭക്ഷ്യവിഷബാധയല്ലെന്ന ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വൈറസ് അണുബാധ കാരണമാകാമെന്നും കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു.
സമീപത്തെ വയലുകളിൽ അടുത്തിടെ കീടനാശിനി തളിച്ചതാണ് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമായതെന്നാണ് കരുതുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ പ്രമോദ് കുമാർ, ഡിഇഒ എന്നിവരുൾപ്പെടെ ആരോഗ്യ-വിദ്യാഭ്യാസ ഉദ്യോഗസ്ഥർ രാത്രി ആശുപത്രിയിൽ എത്തി വിദ്യാർത്ഥികളുടെ സ്ഥിതി വിലയിരുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..