22 December Sunday

കാര്‍ഗില്‍ നുഴഞ്ഞുകയറ്റം 
സൈന്യത്തെ അറിയിച്ച നാം​ഗ്യാലിന് വിട

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024


ശ്രീന​ഗര്‍
കാര്‍​ഗിൽ യുദ്ധത്തിലേക്ക് വഴിതുറന്ന 1999ലെ പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റം ആദ്യം ഇന്ത്യൻ സൈന്യത്തെ അറിയിച്ച ലഡാക്കിലെ ഇടയന്‍ താഷി നാം​ഗ്യാൽ അന്തരിച്ചു. ആര്യന്‍ വാലിയിലെ ​ഗാര്‍‌ഖോണിൽ 58–ാം വയസിലാണ് അന്ത്യം.

ബതാലിക്ക് മലമുകളിൽ പത്താനികളുടെ വേഷത്തിൽ പാക് സൈനികര്‍ ബങ്കറുകള്‍ സ്ഥാപിക്കുന്നത് ബൈനോക്കുലറിലൂടെ കണ്ട നാം​ഗ്യാൽ ഉടന്‍  വിവരം സൈന്യത്തിനുകൈമാറി. അതിവേ​ഗസേനാവിന്യാസത്തിന് ഇതു സഹായകമായി.

 ഈ വര്‍‌ഷം ജൂലൈ 26ന് 25–ാം കാര്‍‌​ഗിൽ വിജയ് ദിവസ് ആഘോഷത്തിൽ  അധ്യാപികയായ മകള്‍ സെറിങ് ഡോള്‍കര്‍ക്കൊപ്പം താഷി നാം​ഗ്യാൽ പങ്കെടുത്തിരുന്നു. സുവര്‍ണലിപികളാൽ കൊത്തിവയ്ക്കപ്പെട്ട അദ്ദേഹത്തിന്റെ  അമൂല്യമായ സംഭാവന  എക്കാലവും ഓര്‍മിക്കപ്പെടുമെന്ന്  ലേ കേന്ദ്രമായുള്ള ഫയര്‍ ആന്‍‌ഡ് ഫ്യൂറി കോര്‍പ്സ് സമൂഹമാധ്യമത്തിൽ കുറിച്ചു.

രാജ്യത്തെ രക്ഷിച്ച 
ഇടയന്‍


ലഡാക്കി ഇടയ യുവാവായ താഷി നാം​ഗ്യാൽ 1999 മെയ് 2ന്  കാണാതായ തന്റെ യാക്കുകളെ തേടിയിറങ്ങിയതാണ്. കാര്‍​ഗിലിലെ ബതാലിക് മലമുകളിലേക്ക് ബൈനോക്കുലറിലൂടെ നോക്കി.  അവിടെ  കണ്ടത് യാക്കുകളയല്ല. കറുത്ത വസ്ത്രം ധരിച്ച ചിലര്‍ പാറ പൊട്ടിക്കുന്നതും മഞ്ഞുനീക്കുന്നതുമാണ്  കണ്ടത്.
   ഇന്ത്യൻ സൈന്യത്തിന്റെ നിരീക്ഷണമില്ലാതിരുന്ന മേഖലയായിരുന്നതിനാൽ സംശയം ബലപ്പെട്ടു.  യാക്കുകളെ മറന്ന് ഉടൻ മടങ്ങി. ഇന്ത്യൻ ആര്‍മി ഔട്ട്പോസ്റ്റിലെത്തി വിവരം നൽകി.

   പിന്നീട് കാര്‍​ഗിലിൽ ഇന്ത്യ പാക് യുദ്ധമായി മാറിയ നുഴഞ്ഞുകയറ്റത്തിന്റെ ആദ്യ വിവരമാണ് സൈന്യം നാം​ഗ്യാലിലുടെ കേട്ടത്. വിവരം നൽകി എട്ടാം ദിവസം യുദ്ധം തുടങ്ങി.

1999 ജൂലൈ 26ന് കാര്‍​ഗിൽ മലനിരകള്‍ തിരിച്ചുപിടിച്ച് ഇന്ത്യൻ വിജയത്തോടെ യുദ്ധം അവസാനിച്ചപ്പോള്‍ സൈനികരുടെ ധീരതയ്ക്കൊപ്പം നാം​ഗ്യാലിന്റെ ജാ​ഗ്രതയ്ക്കും രാജ്യം കടപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top