23 December Monday

"പ്രതീക്ഷിച്ച വളർച്ച കൈവരിക്കാനായില്ല'; 5 ശതമാനം വളർച്ചാ നിരക്ക്‌ മാത്രമെന്ന്‌ സാമ്പത്തിക സർവേ

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020

ന്യൂഡൽഹി >  രാജ്യത്ത്‌ പ്രതീക്ഷിച്ച സാമ്പത്തിക വളർച്ച കൈവരിക്കാനായിട്ടില്ലെന്ന്‌ സാമ്പത്തിക സർവേ. നടപ്പു സാമ്പത്തിക വർഷത്തിൽ 5 ശതമാനം വളർച്ചാ നിരക്ക്‌ മാത്രമാണ്‌ നേടാനായതെന്ന്‌ സമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. അടുത്ത വർഷം ആറു മുതൽ ആറര ശതമാനം വരെ വളർച്ച ഉണ്ടാവുമെന്ന്‌ സാമ്പത്തിക സർവേ പ്രവചിക്കുന്നു. ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക സർവേ പാർലമെന്‍റിന്‍റെ മേശപ്പുറത്ത് വച്ചു. കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ രാജ്യം ഉഴലുമ്പോഴാണ് വളർച്ചാ നിരക്ക് കൂടുമെന്ന് സാമ്പത്തിക സർവേ പ്രവചിക്കുന്നത്.

 ഈ വർഷം, ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 5 ശതമാനമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2019 ജൂലൈയിൽ ജിഡിപി 7 ശതമാനമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടിയിരുന്നതെങ്കിലും, ഇതിനടുത്ത് എത്താൻ പോലും കഴിഞ്ഞില്ല. ഐഎംഎഫിന്‍റെ വിലയിരുത്തലിൽ നടപ്പ് സാമ്പത്തിക വർഷം ജിഡിപി വളർച്ചാ നിരക്ക് 4.8 ശതമാനം മാത്രമായിരുന്നു.

 കഴിഞ്ഞ സാമ്പത്തിക വർഷം ജൂലൈ - സെപ്റ്റംബർ പാദത്തിൽ സാമ്പത്തിക വളർച്ച 4.5 ശതമാനമായി ഇടിഞ്ഞിരുന്നു. 2013-ന് ശേഷമുള്ള ഏറ്റവും കുറവ് വളർച്ചാനിരക്കാണിത്. വളർച്ചാ നിരക്ക് കുറഞ്ഞതിലൂടെ പ്രതിസന്ധിയിലായ സർക്കാർ, കോർപ്പറേറ്റ് ടാക്സ് ഉൾപ്പടെയുള്ള നികുതികൾ വെട്ടിക്കുറച്ചെങ്കിലും ഫലം കണ്ടില്ല.

 ധനമന്ത്രാലയത്തിൽ നിന്ന് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സംഘം സാമ്പത്തിക ശാസ്ത്ര വിദഗ്ധർ ചേർന്നാണ്, എക്കണോമിക് സർവേ തയ്യാറാക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top