22 December Sunday

വിദേശ വനിതയെ മയക്കു മരുന്ന് കുത്തി വച്ച് കാട്ടിൽ കെട്ടിയിട്ടത് മുൻഭർത്താവ്: പൊലീസ് അന്വേഷണമാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

സിന്ധുദുർഗ് (മഹാരാഷ്ട്ര) > മുൻഭർത്താവ് മാരക മയക്കു മരുന്ന് കുത്തി വച്ചാണ് മരത്തിൽ ചങ്ങലയ്ക്കിട്ടതെന്ന് കാട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയ അമേരിക്കൻ വംശജയായ വനിത. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ലളിത കായിയെ ഗോവയിലെ ഹോസ്പിറ്റലിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു.

40 ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും മുൻഭർത്താവാണ് തന്നെ ഈ നിലയിൽ കാട്ടിലുപേക്ഷിച്ചതെന്നും നഴ്സുമാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി ലളിത കായി എഴുതി നൽകി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ഇയാളെ കണ്ടെത്താൻ തമിഴ്നാട്ടിലും ഗോവയിലും പൊലീസ് അന്വേഷണം ഊർജിതമാക്കി. ർത്താവ് സ്വദേശിയാണോ എന്ന വിവരങ്ങൾ ലഭ്യമല്ല.

മുൻ ഭർത്താവ് ചങ്ങലയിൽ ബന്ധിച്ചു, 40 ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല തുടങ്ങി ലളിത കായി എഴുതി നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് സൗരഭ് അഗർവാൾ പറഞ്ഞു.
സംസാരിക്കാൻ പോലും കഴിയാനാകാത്ത വിധം അവശയായ ലളിത കായി പതിയെ സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കാടിനുള്ളിലാണ് കാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച് മരത്തിൽ കെട്ടിയിട്ട അവസ്ഥയിൽ സ്ത്രീയെ കണ്ടെത്തിയത്. കാട്ടിൽ ആടുമേയ്ക്കാൻ വന്ന ആളാണ്  സ്ത്രീയെ കണ്ട് പൊലീസിൽ വിവരമറിയിച്ചത്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ മഴ നനഞ്ഞ് അവശയായ നിലയിലായിരുന്നു ഇവർ. ഇവരിൽ നിന്ന് അമേരിക്കൻ പാസ്പോർട്ടും തമിഴ്നാട് മേൽവിലാസത്തിലുള്ള ആധാർ കാർഡും പൊലീസ് കണ്ടെടുത്തു. ലളിതയുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി ഇവർ ഇന്ത്യയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top