ന്യൂഡൽഹി > അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരുമെന്ന് സുപ്രീംകോടതി. ന്യൂനപക്ഷ പദവി എടുത്തുകളഞ്ഞ 1967-ലെ വിധിയെ അസാധുവാക്കാൻ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവാണ് കോടതി റദ്ദാക്കിയത്.
പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അലിഗഢ് സർവകലാശാല സ്ഥാപിതമായത്. ഇത്തരം സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകാനാവില്ലെന്ന മുൻ വിധിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അസാധുവാക്കിയത്. ന്യൂനപക്ഷ സ്ഥാപനമാകണമെങ്കിൽ ന്യൂനപക്ഷ ക്ഷേമത്തിനായി പ്രവർത്തിച്ചാൽ മതിയെന്നും ന്യൂനപക്ഷ അംഗങ്ങൾ ഭരിക്കേണ്ടതില്ലെന്നും പുതിയ വിധിയിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാർഗരേഖയും സുപ്രീംകോടതി പുറത്തിറക്കി. പരിശോധനയ്ക്കായി സർവകലാശാല രേഖകൾ സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. രേഖകൾ പരിശോധിച്ച് ന്യൂനപക്ഷ പദവി നൽകണോയെന്ന് തീരുമാനമെടുക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കും. ചീഫ് ജസ്റ്റിസ് എഴുതിയ വിധിയെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെബി പർദിവാല, മനോജ് മിശ്ര എന്നിവർ പിന്തുണച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത, എസ്‌സി ശർമ്മ എന്നിവർ ഭിന്നവിധി എഴുതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..