22 September Sunday

തിരുപ്പതി ലഡു വിവാദം; പ്രധാനമന്ത്രിക്ക് കത്തെഴുതി ജഗൻ റെഡ്ഡി

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

അമരാവതി> തിരുപ്പതി ലഡുവുമായി ബന്ധപ്പെട്ട് ചന്ദ്രബാബു നായിഡു തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി. നായിഡു സർക്കാരിന്റെ പോരായ്മകൾ മറച്ചു വെക്കാനാണ് വിശുദ്ധമായ ലഡുവിനെ പറ്റി അപവാദങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ലോകമെമ്പാടുമുള്ള ഹിന്ദു ഭക്തർക്കിടയിൽ  ഭിന്നത വരുത്താനാണ് ശ്രമമെന്നും ജഗൻ ആരോപിച്ചു.

തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ചേർക്കുന്നെന്ന് പറഞ്ഞ് മുഖ്യമന്ത്രി ചന്ദ്രബാബു നടത്തിയ ആരോപണം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പ്രസാദം തയ്യാറാക്കാൻ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ഉപയോഗിച്ചെന്ന് ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെന്റ്‌ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. വൈഎസ്‌ആർ സർക്കാർ ക്ഷേത്രത്തിന്റെ പവിത്രത തകർത്തുവെന്നും നായിഡു ആരോപിചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കത്ത്.

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നെയ്യ് നിരസിച്ചതായും ഒരു ഘട്ടത്തിലും പ്രസാദം തയ്യാറാക്കാൻ ഇത് ഉപയോഗിച്ചിരുന്നില്ലെന്നും റെഡ്ഡി പറയുന്നു. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന നെയ്യ് വാങ്ങുന്നതിനും പരിശോധിക്കുന്നതിനും ശക്തമായ നടപടിക്രമങ്ങൾ നിലവിലുണ്ടെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.

“ഒരു സാംപിൾ പരാജയപ്പെട്ടാൽ പോലും മുഴുവൻ ടാങ്കറും നിരസിക്കപ്പെടും. പശുക്കളുടെ ഭക്ഷണക്രമം പോലുള്ള ഘടകങ്ങൾ ചിലപ്പോൾ തെറ്റായ പരിശോധനാ ഫലങ്ങളിലേക്ക് നയിച്ചേക്കാം. ഉത്തരവാദിത്വമുള്ള ഒരു വ്യക്തിയും ടിടിഡി പോലുള്ള ലോകപ്രശസ്ത സംഘടനയുടെ സമഗ്രതയെയും വിശുദ്ധിയെയും ഗുരുതരമായി അപകീർത്തിപ്പെടുത്താനും കോടിക്കണക്കിന് ആളുകളുടെ വികാരത്തെ വ്രണപ്പെടുത്താനും കഴിവുള്ള തരത്തിലുള്ള അത്തരം ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കരുത്. റെഡ്ഡി പറഞ്ഞു.

“പുതിയ സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടു. തൻ്റെ പരാജയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി, നായിഡു ടിടിഡിയുടെ ആചാരങ്ങൾക്കെതിരെ നഗ്നമായ നുണകൾ പ്രചരിപ്പിക്കുന്നു. റെഡ്ഡി കൂട്ടിച്ചേർത്തു.

ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ശരിവച്ച്‌ ക്ഷേത്രം ട്രസ്‌റ്റും രം​ഗത്തെത്തിയിരുന്നു. സാംപിളുകൾ ലാബുകളിൽ പരിശോധിച്ചപ്പോൾ മൃഗക്കൊഴുപ്പ്‌ കണ്ടെത്തിയതായും ക്ഷേത്രത്തിൽ പരിശോധനാ സൗകര്യങ്ങളില്ലാത്തതാണ് നെയ്‌ വിതരണക്കാർ മുതലെടുത്തതെന്നും തിരുമല തിരുപ്പതി ദേവസ്‌ഥാനം എക്‌സിക്യൂട്ടീവ്‌ ഓഫീസർ ശ്യാമള റാവു പറഞ്ഞു. ലാബ്‌ റിപ്പോർട്ടുകൾ എതിരായപ്പോൾ വിതരണം നിർത്തി. കരാറുകാരനെ കരിമ്പട്ടികയിൽപെടുത്താൻ നടപടികൾ തുടങ്ങിയതായും ശ്യാമള റാവു പറഞ്ഞു.

എന്നാൽ മൃ​ഗക്കൊഴുപ്പ് ഉപയോ​ഗിച്ചെന്ന ആരോപണം കരാർ കമ്പനി തള്ളി. ക്ഷേത്രത്തിനായി നൽകിയത് നിലവാരം കുറഞ്ഞ നെയ്യല്ലെന്നും സർക്കാർ അംഗീകൃത ലാബുകളിൽ നിന്നും പരിശോധനയ്ക്ക് ശേഷമാണു നെയ്യ് കൈമാറിയതെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും തമിഴ്നാട്ടിലെ ദിണ്ടിഗലിലെ എ ആർ ഡയറി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top