22 November Friday

തിരുപ്പതി ലഡു വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

ന്യൂഡല്‍ഹി > തിരുപ്പതി ലഡു വിവാദത്തില്‍ അന്വേഷണ സംഘത്തെ നിയമിച്ച്‌ സുപ്രീംകോടതി. സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. സിബിഐ ഉദ്യോഗസ്ഥർ, ആന്ധ്രപ്രദേശ്‌ പൊലീസിലെ രണ്ട്‌ ഉദ്യോഗസ്ഥർ, ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ സീനിയർ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്നതാണ്‌ സംഘം. നേരത്തെ ആന്ധ്രപ്രദേശ്‌ സർക്കാരിന്റെ നേതൃത്വത്തിൽ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു, ഇതിന്‌ പകരമായാണ്‌ സുപ്രീംകോടതി പുതിയ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്‌.

ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കോടിക്കണക്കിന്‌ വിശ്വാസികളെ സംബന്ധിക്കുന്ന വിഷയമാണിതെന്നും ഇതിൽ രാാഷ്‌ട്രീയ നാടകങ്ങളുടെ ആവശ്യമില്ലെന്നും ബെഞ്ച്‌ വിലയിരുത്തി. വിവാദവുമായി ബന്ധപ്പെട്ട്‌ വന്ന ഹർജികളിൽ വാദം കേൾക്കവെയാണ്‌ സുപ്രീംകോടതിയുടെ തീരുമാനവും നിരീക്ഷണങ്ങളും.

തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ്‌ ഉപയോഗിച്ചെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയാണ് വിവാദങ്ങളുടെ തുടക്കം. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പ്രസാദം തയ്യാറാക്കാൻ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ഉപയോഗിച്ചെന്ന് ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെന്റ്‌ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. വൈഎസ്‌ആർ സർക്കാർ ക്ഷേത്രത്തിന്റെ പവിത്രത തകർത്തുവെന്നും നായിഡു ആരോപിച്ചു.

ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ശരിവച്ച്‌ ക്ഷേത്രം ട്രസ്‌റ്റും രം​ഗത്തെത്തിയിരുന്നു. സാമ്പിളുകൾ ലാബുകളിൽ പരിശോധിച്ചപ്പോൾ മൃഗക്കൊഴുപ്പ്‌ കണ്ടെത്തിയതായും ക്ഷേത്രത്തിൽ പരിശോധനാ സൗകര്യങ്ങളില്ലാത്തതാണ് നെയ്‌ വിതരണക്കാർ മുതലെടുത്തതെന്നും തിരുമല തിരുപ്പതി ദേവസ്‌ഥാനം എക്‌സിക്യൂട്ടീവ്‌ ഓഫീസർ ശ്യാമള റാവു പറഞ്ഞു. ലാബ്‌ റിപ്പോർട്ടുകൾ എതിരായപ്പോൾ വിതരണം നിർത്തി. കരാറുകാരനെ കരിമ്പട്ടികയിൽപെടുത്താൻ നടപടികൾ തുടങ്ങിയതായും ശ്യാമള റാവു പറഞ്ഞിരുന്നു.

എന്നാൽ മൃ​ഗക്കൊഴുപ്പ് ഉപയോ​ഗിച്ചെന്ന ആരോപണം കരാർ കമ്പനി തള്ളി. ക്ഷേത്രത്തിനായി നൽകിയത് നിലവാരം കുറഞ്ഞ നെയ്യല്ലെന്നും സർക്കാർ അംഗീകൃത ലാബുകളിൽ നിന്നും പരിശോധനയ്ക്ക് ശേഷമാണു നെയ്യ് കൈമാറിയതെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും തമിഴ്നാട്ടിലെ ദിണ്ടിഗലിലെ എ ആർ ഡയറി അറിയിച്ചു.

തന്റെ സർക്കാരിന്റെ കാലത്ത് യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചന്ദ്രബാബു നായിഡു ദൈവത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണെന്നും ജഗൻമോഹൻ റെഡ്ഡിയും പ്രതികരിച്ചു.

വിഷയത്തിൽ നിരവധി ഹർജികൾ സുപ്രീംകോടതിയിലെത്തിയിരുന്നു. ആദ്യം സെപ്തംബർ 30ന് ഹർജി പരി​ഗണിച്ച സുപ്രീംകോടതി ദൈവങ്ങളെ രാഷ്ട്രീയപ്പോരിൽ നിന്ന് അകറ്റി നിർത്തണമെന്ന് വ്യക്തമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top