ന്യൂഡൽഹി>മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ആറുമാസത്തിനിടെ 85 ലക്ഷത്തോളം തൊഴിലാളികളെ പുറത്താക്കി കേന്ദ്രസർക്കാർ. ഏപ്രിൽ–- സെപ്‌തംബർ കാലയളവിൽ 84.8 ലക്ഷം തൊഴിലാളികൾ ഒഴിവാക്കപ്പെട്ടതായി ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ചുള്ള ഗവേഷക കൂട്ടായ്‌മയായ ‘ലിബ്‌ടെക്’ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
ഇതേ കാലയളവിൽ 45.4 ലക്ഷം തൊഴിലാളികളെ പദ്ധതിയിൽ പുതിയതായി ചേർത്തു. ഫലത്തിൽ, 39.3 ലക്ഷം തൊഴിലാളികൾ പുറത്തായി. തമിഴ്‌നാട് (14.7 ശതമാനം), ഛത്തീസ്‌ഗഡ് (14.6) എന്നിവിടങ്ങളിലെ തൊഴിലാളികളാണ് കൂടുതൽ ഒഴിവാക്കപ്പെട്ടത്. പരമാവധി ഗുണഭോക്താക്കളെ ഘട്ടംഘട്ടമായി ഒഴിവാക്കുകയെന്ന ബിജെപി സർക്കാരിന്റെ നയത്തിന്റെ ഭാഗമാണിത്. 2022–-23, 2023–-24 സാമ്പത്തികവർഷങ്ങളിൽ എട്ടുകോടിയോളം തൊഴിലാളികളെയാണ് പുറത്താക്കിയതെന്നും ‘ലിബ്‌ടെക്’ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 15 ശതമാനം പേരുകളും തെറ്റായ രീതിയിലാണ് ഒഴിവാക്കിയത്.
ആധാർ അടിസ്ഥാനമാക്കിയുള്ള പണംനൽകൽ സംവിധാനം (എബിപിഎസ്) കേന്ദ്രസർക്കാർ നിർബന്ധമാക്കിയതിനു പിന്നാലെയാണ് തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് വ്യാപകമായി തൊഴിലാളികളെ പുറത്താക്കുന്നത്. 2023 ജനുവരി ഒന്ന് മുതലാണിത് നിർബന്ധമാക്കിയത്. തൊഴിൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം, രേഖകളിൽ പേര് ഒരുപോലെയാകണം, ബാങ്ക് അക്കൗണ്ട് ആധാറുമായും ദേശീയ പേയ്‌മെന്റ് കോർപറേഷനുമായും ബന്ധിപ്പിക്കണം തുടങ്ങി എബിപിഎസിൽ ഉൾപ്പെടുന്നതിനുള്ള വ്യവസ്ഥകൾ തൊഴിലാളികളെ വലയ്‌ക്കുന്നുണ്ട്. ഇത്തരത്തിൽ ഉൾപ്പെടാത്തവരുടെ പേരുകൾ കൂട്ടത്തോടെ വെട്ടുകയാണ്. മുൻ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് തൊഴിൽദിനങ്ങളുടെ എണ്ണത്തിൽ 16.6 ശതമാനത്തിന്റെ കുറവും വരുത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..