ബംഗളൂരു > മുൻ മന്ത്രിയും കർണാടക ബിജെപി എംഎൽഎയുമായ മുനിരത്‌ന നായിഡുവിന് നേരെ ചീമുട്ടയേറ്. ബുധനാഴ്ച ബംഗളൂരുവിൽ നടന്ന ഒരു പരിപാടിക്കിടെയാണ് അജ്ഞാതർ ചീമുട്ടയെറിഞ്ഞത്. അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശദാബ്‌ദിയോടനുബന്ധിച്ച് ലഗ്ഗെരെ, ലക്ഷ്മിദേവി നഗർ ഏരിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മുനിരത്ന. പരിപാടിയിൽ പങ്കെടുത്ത ശേഷം കാറിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകരാണ് എംഎൽഎയ്ക്ക് നേരെ മുട്ട എറിഞ്ഞെന്ന് ബിജെപി ആരോപിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണ്.
വീഡിയോയിൽ എംഎൽഎ തന്റെ കൂട്ടാളികൾക്കും ചില പൊലീസുകാർക്കുമൊപ്പം നടന്നുവരുന്നതും അപ്പോൾ എതിർദിശയിൽ നിന്ന് തലയിലേക്ക് മുട്ട എറിയുന്നതും കാണാം. സംഭവത്തിൽ പൊലീസ് കേസെടുത്തു. ആക്രമണത്തിന് തൊട്ടുപിന്നാലെ പൊള്ളൽ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്ന് ഏഴ് കിലോമീറ്റർ അകലെ മല്ലേശ്വരത്തിനടുത്തുള്ള കെസി ജനറൽ ആശുപത്രിയിൽ മുനിരത്‌ന ചികിത്സ തേടി. മുട്ട എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷമുള്ള മുനിരത്‌നയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. ബലാത്സഗം, ഹണി ട്രാപ്പ് കേസുകളിൽ ജയിലിലായിരുന്നു മുനിരത്ന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..