22 December Sunday

ആശുപത്രി തകർത്ത്‌ 
തൃണമൂൽ അഴിഞ്ഞാട്ടം

ഗോപിUpdated: Saturday Aug 17, 2024


കൊൽക്കത്ത
ബംഗാളിൽ ജൂനിയർ ഡോക്‌ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രി അടിച്ചുതകർത്ത്‌ തൃണമൂൽ കോൺഗ്രസ്‌ അക്രമികൾ. വ്യാഴം പുലർച്ചെ നടന്ന ആക്രമണത്തിൽ അത്യാഹിത വിഭാഗവും സ്‌റ്റോർ റൂമും പുരുഷൻമാരുടെ വാർഡും അടക്കം 18 വിഭാഗങ്ങൾ തകർത്തു. സിസിടിവികളും നശിപ്പിച്ചു. അക്രമികളെ നേരിടേണ്ട പൊലീസ്‌ സമീപത്തെ വനിതാ ഹോസ്‌റ്റലുകളിലും ശുചിമുറികളിലും അഭയംതേടി. പിന്നീട്‌ കൂടുതൽ പൊലീസ്‌ സന്നാഹമെത്തിയാണ്‌ അക്രമികളെ തുരത്തിയത്‌.

ഡെപ്യൂട്ടി കമീഷണറുൾപ്പടെ നിരവധി പൊലീസുകാർക്കും പരിക്കേറ്റു. സംഭവത്തിൽ 24 പേരെ അറസ്‌റ്റുചെയ്‌തതായി പൊലീസ്‌ പറഞ്ഞു. ഡോക്‌ടറുടെ മൃതദേഹം കിടന്ന സെമിനാർ റൂമിനോട്‌ ചേർന്ന് നവീകരണത്തിനെന്ന പേരിൽ തിടുക്കപ്പെട്ട്‌ ചുമർ പൊളിച്ചത്‌ തെളിവു നശിപ്പിക്കാനാണെന്ന ആരോപണത്തിനു പിന്നാലെയാണ്‌ തൃണമൂലുകാരുടെ അഴിഞ്ഞാട്ടം.

പ്രതിഷേധക്കാരെ അക്രമികളായി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌ ആശുപത്രിക്കുനേരെയുണ്ടായ ആക്രമണമെന്ന്‌ പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിൽ ഷെയ്‌ഖ്‌ ഹസീന സർക്കാരിനെ അട്ടിമറിച്ചതുപോലെ തന്നെയും തകർക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണവും ഇതിനുപിന്നാലെ പുറത്തുവന്നു. അക്രമികൾക്ക് അഴിഞ്ഞാടാൻ സർക്കാർ കൂട്ടുനിന്നാൽ ആശുപത്രി അടച്ചിടേണ്ടിവരുമെന്ന്‌ കൊൽക്കത്ത ഹൈക്കോടതി സംസ്ഥാന സർക്കാരിന് താക്കീതുനൽകി. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, തങ്ങൾക്ക്‌ പണമല്ല വേണ്ടെതെന്നും കുറ്റവാളികളെയെല്ലാം എത്രയുംവേഗം പിടികൂടുകയാണ്‌ വേണ്ടതെന്നും ഡോക്ടറുടെ കുടുംബം അറിയിച്ചു.  

അതേസമയം, ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടും സംസ്ഥാനത്ത്‌ പ്രതിഷേധം ശക്തമായി തുടരുകയാണ്‌. ഇടതുമുന്നണി, എസ്എഫ്ഐ, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ  പലയിടത്തും റാലിയും ധർണയും നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top