22 December Sunday

തിരുപ്പതി ലഡു വിവാദം കത്തിപ്പടരുന്നു; മൃ​ഗക്കൊഴുപ്പ് ഉപയോ​ഗിച്ചെന്ന ആരോപണം തള്ളി കരാർ കമ്പനി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

അമരാവതി > തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാൻ നെയ്ക്ക് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തിന് പിന്നാലെ വിഷയത്തിൽ വാദപ്രതിവാദങ്ങൾ കത്തിപ്പടരുന്നു. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പ്രസാദം തയ്യാറാക്കാൻ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ഉപയോഗിച്ചെന്ന് ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെന്റ്‌ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. വൈഎസ്‌ആർ സർക്കാർ ക്ഷേത്രത്തിന്റെ പവിത്രത തകർത്തുവെന്നും നായിഡു ആരോപിച്ചു.

ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ശരിവച്ച്‌ ക്ഷേത്രം ട്രസ്‌റ്റും രം​ഗത്തെത്തിയിട്ടുണ്ട്. സാമ്പിളുകൾ ലാബുകളിൽ പരിശോധിച്ചപ്പോൾ മൃഗക്കൊഴുപ്പ്‌ കണ്ടെത്തിയതായും ക്ഷേത്രത്തിൽ പരിശോധനാ സൗകര്യങ്ങളില്ലാത്തതാണ് നെയ്‌ വിതരണക്കാർ മുതലെടുത്തതെന്നും തിരുമല തിരുപ്പതി ദേവസ്‌ഥാനം എക്‌സിക്യൂട്ടീവ്‌ ഓഫീസർ ശ്യാമള റാവു പറഞ്ഞു. ലാബ്‌ റിപ്പോർട്ടുകൾ എതിരായപ്പോൾ വിതരണം നിർത്തി. കരാറുകാരനെ കരിമ്പട്ടികയിൽപെടുത്താൻ നടപടികൾ തുടങ്ങിയതായും ശ്യാമള റാവു പറഞ്ഞു. 

എന്നാൽ മൃ​ഗക്കൊഴുപ്പ് ഉപയോ​ഗിച്ചെന്ന ആരോപണം കരാർ കമ്പനി തള്ളി. ക്ഷേത്രത്തിനായി നൽകിയത് നിലവാരം കുറഞ്ഞ നെയ്യല്ലെന്നും സർക്കാർ അംഗീകൃത ലാബുകളിൽ നിന്നും പരിശോധനയ്ക്ക് ശേഷമാണു നെയ്യ് കൈമാറിയതെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും തമിഴ്നാട്ടിലെ ദിണ്ടിഗലിലെ എ ആർ ഡയറി അറിയിച്ചു.

തന്റെ സർക്കാരിന്റെ കാലത്ത് യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജഗൻമോഹൻ റെഡ്ഡിയും പ്രതികരിച്ചു. ചന്ദ്രബാബു നായിഡു ദൈവത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള കമ്പനികളിൽ നിന്നെത്തുന്ന നെയ്യ് ആണ് ലഡു ഉണ്ടാക്കാനായി ഉപയോഗിച്ചത്. ഈ ലാബ് പരിശോധനകൾക്ക് പുറമെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് കീഴിലും നെയ്യുടെ ഗുണനിലവാരം വിലയിരുത്താനായി പരിശോധനകൾ നടത്താറുണ്ട്. വർഷങ്ങളായി ഈ നടപടി ക്രമങ്ങൾ പാലിച്ചുവരുന്നുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും കത്തയയ്ക്കുമെന്നും ഭക്തരുടെ വികാരം വ്രണപ്പെടുത്തി രാഷ്ട്രീയം കളിക്കുന്നത് ശരിയാണോ എന്നും ജഗൻമോഹൻ റെഡ്ഡി ചോദിച്ചു.

സംഭവം വിവാദമായതിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ അവകാശവാദത്തിൽ റിപ്പോർട്ട്‌ ആവശ്യപ്പെട്ട്‌ കേന്ദ്രസർക്കാർ രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുമായി സംസാരിച്ചുവെന്നും റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പ്രതികരിച്ചു. സമഗ്രഅന്വേഷണം വേണമെന്ന് കേന്ദ്രഭക്ഷ്യമന്ത്രി പ്രഹ്ലാദ്‌ ജോഷിയും ആവശ്യപ്പെട്ടു. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷയും ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമ്മിള രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് അവർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതുകയും ചെയ്തു. ക്രൈസ്‌തവ വിശ്വാസം പിന്തുടരുന്ന ജഗൻ മോഹൻ റെഡ്ഡിക്കെതിരായ ആരോപണം ആന്ധ്രയിൽ വർഗീയ ധ്രുവീകരണം ശക്തമാക്കുമെന്ന ആശങ്കയുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top