ന്യൂഡൽഹി> സസ്‌പെൻഡ് ചെയ്യപ്പെട്ട മലയാളി വിദ്യാർഥി രാമദാസ് പ്രിനി ശിവാനന്ദനെ പിന്തുണച്ച് സംസാരിച്ച അസിസ്‌റ്റന്റ് പ്രൊഫസർ അർജുൻ സെൻഗുപ്‌തയ്‌ക്ക് ടിസ്സ് അധികൃതരുടെ കാരണംകാണിൽ നോട്ടീസ്. ടാറ്റാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്(ടിസ്സ്) ഹൈദരാബാദ് കാമ്പസ് അധികൃതരാണ് നോട്ടീസ് നൽകിയത്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തെക്കുറിച്ച് കാമ്പസിൽ സംസാരിച്ചത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരായി ഡൽഹിയിൽ പ്രതിഷേധിച്ചതിന്റെ പേരിലാണ് പിഎച്ച്‌ഡി വിദ്യാർഥിയായ രാമദാസ് പ്രിനി ശിവാനന്ദനെ സസ്‌പെൻഡ് ചെയ്‌തത്.
ഒക്‌ടോബർ നാലിന് ക്യാമ്പസിൽ പ്രൊഗ്രസീവ് സ്‌റ്റുഡന്റ്‌സ് അസോസിയേഷൻ (പിഎസ്‌എ) സംഘടിപ്പിച്ച പരിപാടിയിലാണ് രാമദാസിന് പിന്തുണ അറിയിച്ച് അർജുൻ സെൻഗുപ്‌ത സംസാരിച്ചത്. സസ്‌പെൻഷൻ ചോദ്യംചെയ്‌തുള്ള രാമദാസിന്റെ ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലാണ്. മോദി സർക്കാരിനെയോ ബിജെപിയെയോ വിമർശിക്കുന്നവരെ അടിച്ചമർത്തുന്ന നിലപാടാണ് സമീപകാലത്ത് ടിസ് അധികൃതർ സ്വീകരിക്കുന്നതെന്ന വിമർശനം ശക്തമാണ്. അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 119 പേരെ കഴിഞ്ഞ ജൂണിൽ ടിസ് അധികൃതർ പിരിച്ചുവിട്ടിരുന്നു. ടാറ്റാ എഡ്യുക്കേഷൻ ട്രസ്‌റ്റിൽ നിന്നായിരുന്നു ഈ 119 പേർക്കും ശമ്പളം ലഭിച്ചിരുന്നത്. ഫണ്ടില്ലെന്ന കാരണംകാട്ടിയായിരുന്നു പെട്ടെന്നുള്ള പിരിച്ചുവിടൽ. കൂട്ടപിരിച്ചുവിടൽ വാർത്തയായതോടെ ടിസ്സ് അധികൃതർ നടപടി പിൻവലിച്ചിരുന്നു. പിരിച്ചുവിടപ്പെട്ട 119 പേരിൽ ഉൾപ്പെടുന്നയാളാണ് അർജുൻ സെൻഗുപ്‌ത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..