ന്യൂഡൽഹി> സൈന്യത്തിലേക്ക് താൽക്കാലിക റിക്രൂട്ട്‌മെന്റിന് വഴിയൊരുക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ വൻ പ്രതിഷേധം. അഗ്‌നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ഉദ്യോഗാർത്ഥികൾ റെയിൽ, റോഡ് ഗതാഗതം തടസപ്പെടുത്തി. സമരക്കാർ ട്രെയിനുകൾക്ക് തീയിട്ടു.
പദ്ധതിക്കെതിരെ വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധം ശക്തമായി. സൈന്യത്തിന്റെ മരണമണി മുഴക്കുന്നതാണ് പദ്ധതിയെന്ന് സൈനിക നടപടികളുടെ ചുമതലയുണ്ടായിരുന്ന ലെഫ്. ജനറൽ വിനോദ് ഭാട്യ പറഞ്ഞു. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടില്ല. ഇത്രവലിയ മാറ്റത്തിന് മുതിരുമ്പോൾ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാകാമെന്ന് പഠിക്കേണ്ടിയിരുന്നെന്നും ചൂണ്ടിക്കാട്ടി.
പുതിയ റിക്രൂട്ട്‌മെന്റ് രീതി സിഖ്, ജാട്ട്, ഗൂർഖ തുടങ്ങിയ സിംഗിൾ ക്ലാസ് റജിമെന്റുകൾ ഇല്ലാതാക്കുമെന്ന് സമീപകാലത്ത് ബിജെപിയോട് സഹകരിച്ച് പ്രവർത്തിച്ചിരുന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ് പ്രതികരിച്ചു. സൈനിക കാര്യത്തിൽ ലാഭേച്ഛ പാടില്ലെന്ന് മുതിർന്ന സൈനികോദ്യോഗസ്ഥനായ ലെഫ്. ജനറൽ യാഷ്‌മോർ ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..