19 December Thursday

ത്രിപുര പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ; ബിജെപിയുടെ ആക്രമണപരമ്പരയ്‌ക്ക്‌ അറുതിവരുത്തണം : സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


ന്യൂഡൽഹി
ത്രിപുരയിൽ ആഗസ്‌ത്‌ എട്ടിന്‌ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ബിജെപി അഴിച്ചുവിട്ടിരിക്കുന്ന ആക്രമണപരമ്പരയെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ശക്തിയായി അപലപിച്ചു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നതിനു പിന്നാലെ സിപിഐ എമ്മിനും പ്രതിപക്ഷ സ്ഥാനാർഥികൾക്കും പ്രവർത്തകർക്കുംനേരെ ഭരണകക്ഷിയുടെ ഗുണ്ടാസംഘങ്ങൾ തുടർച്ചയായി ആക്രമണം നടത്തുന്നു. സിപിഐ എം സ്ഥാനാർഥികളെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൽനിന്ന്‌ തടയാൻ ശ്രമിക്കുന്നു.  ദക്ഷിണ ത്രിപുര ജില്ലാ പഞ്ചായത്തിലെ സിപിഐ എം സ്ഥാനാർഥി ബാദൽ ശീൽ  13ന്‌ ആക്രമണത്തിലാണ്‌ കൊല്ലപ്പെട്ടത്‌. നിരവധി പ്രവർത്തകരും നേതാക്കളും മാരകമായി പരിക്കേറ്റ്‌ ആശുപത്രികളിലാണ്‌. തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർ വിളിക്കുന്ന സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന്‌ പ്രതിപക്ഷ പാർടികളുടെ നേതാക്കളെ  തടയുന്നു. പത്രിക നൽകിയാൽ വധിക്കുമെന്ന്‌ സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തുന്നു.

ത്രിപുരയിൽ ബിജെപിക്ക്‌ ഭരണം ലഭിച്ചശേഷം പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്‌. 2018നുശേഷം സിപിഐ എമ്മിന്റെ 30 അംഗങ്ങളെയും പ്രവർത്തകരെയും കൊലപ്പെടുത്തി. നിഷ്‌പക്ഷവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ്‌ നടക്കുമെന്ന പ്രതീക്ഷ തകർക്കുംവിധം ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എല്ലാ സ്ഥാനാർഥികൾക്കും പത്രിക നൽകാൻ കഴിയുമെന്ന്‌ ഉറപ്പാക്കണമെന്നും നീതിപൂർവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും പൊളിറ്റ്‌ബ്യൂറോ  ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top