മുംബൈ> മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേന ഷിൻഡെ വിഭാഗവും തമ്മിലുള്ള അസ്വാരസ്യം മുറുകുന്നു. ഞായറാഴ്ച ബിജെപി 99 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയതിനെ തുടർന്ന് ബിജെപിയുടെ നാല് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് ഷിൻഡെ വിഭാഗം ശിവസേന പ്രവര്‍ത്തകര്‍ പറഞ്ഞു.
കല്യാൺ ഈസ്റ്റ് , താനെ, നവി മുംബൈ, മുർബാദ് എന്നിവയുൾപ്പെടെ നാല് സീറ്റുകളിലെ പ്രചാരണത്തിൽ നിന്നാണ് ശിവസേന പ്രവര്‍ത്തകര്‍ വിട്ടുനിൽക്കുന്നത്.
കല്യാൺ ഈസ്റ്റിൽ സിറ്റിംഗ് എംഎൽഎ ഗണപത് ഗെയ്‌ക്‌വാദിന്റെ ഭാര്യ സുലഭ ഗെയ്‌ക്‌വാദിനെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്. ശിവസേന നേതാവായ മഹേഷ് ഗെയ്‌ക്‌വാദിനു നേരെ വെടിയുതിർത്ത കേസിൽ ഗണപത് ഗെയ്‌ക്‌വാദ് ഇപ്പോൾ ജയിലിലാണ്. സുലഭ ഗെയ്‌ക്‌വാദിന്റെ സ്ഥാനാർഥിത്വത്തെ ആദ്യം മുതൽ തന്നെ ശിവസേനാ പ്രവർത്തകർ എതിർത്തിരുന്നു.
ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെയുടെ ശക്തികേന്ദ്രമായ താനെയിൽ സഞ്ജയ് കേൽക്കറെ മത്സരിപ്പിക്കാനുള്ള ബിജെപി തീരുമാനത്തിലും ശിവസേനക്ക് എതിർപ്പുണ്ട്. ഇത് കൂടാതെ നവി മുംബൈയിലെ ഐരോളിയിൽ ഗണേഷ് നായിക്കിനെയും മുർബാദ് മണ്ഡലത്തിൽ കിഷൻ കാത്തോറിനെയും മത്സരിപ്പിക്കുന്നതിനോടും വിയോജിക്കുന്നതായി ശിവസേനാപ്രവർത്തകർ പറഞ്ഞു.
നവംബർ 20നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നവംബർ 23ന്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..