ന്യൂയോർക്ക്
ഐക്യരാഷ്‌ട്ര സംഘടനയുടെ കാര്യക്ഷമതയും സ്വാധീനവും വർധിപ്പിക്കാൻ രക്ഷാസമിതി പുനഃസംഘടിപ്പിക്കണമെന്ന് ഇന്ത്യ. പതിറ്റാണ്ടുകളായി ഇതിനുള്ള ചർച്ച നടക്കുന്നുണ്ട്. എന്നാൽ, 1965ന് ശേഷം രക്ഷാസമിതിയിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊതുസഭയുടെ പ്ലീനറി യോഗത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ചൂണ്ടിക്കാട്ടി. യുഎന്നിലെ അംഗരാജ്യങ്ങളുടെ ഫലപ്രദമല്ലാത്ത ചർച്ചകൾ, ചില രാജ്യങ്ങളുടെ സമവായത്തിനുള്ള നിർബന്ധം, ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ പ്രാതിനിധ്യം ഇല്ലാത്തത് എന്നിവയാണ് പുനഃസംഘടനയെ പിന്നോട്ടടിക്കുന്നത്.
യുഎൻ രൂപംകൊണ്ട കാലത്തുനിന്ന് ലോകം വളരെ മുന്നോട്ടുപോയി. ഇന്ത്യ ജി20യുടെ അധ്യക്ഷ പദവി വഹിച്ചപ്പോൾ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തിയതും ഹരീഷ് ചൂണ്ടിക്കാട്ടി. അതിനിടെ, രക്ഷാസമിതിയിൽ ഇന്ത്യയെ ഉൾപ്പെടുത്തുന്നതിലുള്ള പിന്തുണ ബ്രിട്ടന്‍ ആവർത്തിച്ചു. ഇന്ത്യയെ കൂടാതെ ആഫ്രിക്ക വൻകരയുടെയും ജപ്പാൻ, ജർമനി, ബ്രസീൽ എന്നീ രാജ്യങ്ങളുടെയും പ്രാതിനിധ്യം സമിതിയിലുണ്ടാകണമെന്നും യുഎന്നിലെ യുകെ അംബാസഡർ ആർച്ചി യങ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..