25 December Wednesday

കാനഡയിൽ പോകാൻ പണം നൽകിയില്ല; ഡൽഹിയിൽ അമ്മയെ മകൻ കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ന്യൂഡൽഹി > കാനഡയിലേക്ക് പോകാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയെ കുത്തിക്കൊന്ന് യുവാവ്. നവംബർ ആറിന് വൈകുന്നേരം ഡൽഹിയിലെ മൊളാർബന്ദ് ഗ്രാമത്തിലാണ് സംഭവം. കൃത്യത്തിന് ശേഷം പ്രതിയായ കൃഷ്ണ കാന്ത് (31) തന്നെയാണ് പിതാവ് സുർജിത് സിങ്ങിനെ വിളിച്ച് കാര്യം അറിയിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൃഷ്ണ കാന്ത് മയക്കുമരുന്നിന് അടിമയും തൊഴിൽ രഹിതനുമാണെന്നും ഇക്കാര്യത്തെ ചൊല്ലി വീട്ടുകാരുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവദിവസം അമ്മ ഗീതയോടൊപ്പം കൃഷ്ണ കാന്ത് വീട്ടിൽ തനിച്ചായിരുന്നു. കാനഡയിലേക്ക് പോകാൻ പണം നൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടപ്പോൾ വിവാഹത്തിന് ശേഷം പോയാൽ മതിയെന്ന് അമ്മ മറുപടി പറഞ്ഞു. ഇതെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മൂന്ന് ദിവസം മുൻപ് വാങ്ങി സൂക്ഷിച്ചിരുന്ന കത്തി ഉപയോ​ഗിച്ച് കൃഷ്ണ കാന്ത് ഗീതയെ കുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം കൃഷ്ണ കാന്ത് പിതാവിനെ വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. സുർജിത്  സിങ് എത്തിയപ്പോൾ ‘ക്ഷമിക്കണം’ എന്ന് പറഞ്ഞ്, മുകളിൽ പോയി നോക്കാൻ ആവശ്യപ്പെട്ടു. വീടിന്റെ ഒന്നാം നിലയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നുയ ഗീത. ഗീതയുടെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെട്ട പ്രതിയെ ഇതേ പ്രദേശത്ത് നിന്ന് തന്നെ പിന്നീട് അറസ്റ്റ് ചെയ്തു.

ബിരുദധാരിയായ കൃഷൻ കാന്ത് നിലവിൽ ഐഇഎൽടിഎസി പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു. അമ്മയെ കൊന്നതിൽ യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതിയുടെ പെരുമാറ്റമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടാണോ ഇയാൾ കത്തി വാങ്ങി സൂക്ഷിച്ചത് എന്നകാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top