23 December Monday

കേന്ദ്രവും സമ്മതിച്ചു; ഇന്ത്യയിൽ തൊഴിലില്ലായ്‌മ കുതിച്ചു,ഗ്രാമീണമേഖലയിൽ നിരക്ക്‌ ഇരട്ടിയായി

സ്വന്തം ലേഖകൻUpdated: Friday Nov 29, 2019

ന്യൂഡൽഹി > രാജ്യത്ത്‌ തൊഴിലില്ലായ്‌മ കുതിച്ചുയർന്നതായി കേന്ദ്രസർക്കാർ.  ഗ്രാമീണ മേഖലയിൽ ഇരട്ടിയോളവും  നഗരമേഖലയിൽ അമ്പത്‌ ശതമാനവും തൊഴിലില്ലായ്‌മ കൂടി. 2013–-14 കാലയളവിൽ ഗ്രാമീണമേഖലയിൽ 2.9 ശതമാനം മാത്രമായിരുന്ന തൊഴിലില്ലായ്‌മ നിരക്ക്‌ 2017–-18 കാലയളവിൽ 5.3 ശതമാനമായി. നഗരമേഖലയിൽ ഇത്‌ 4.9 ശതമാനത്തിൽനിന്ന്‌ 7.7 ശതമാനമായി.

പുരുഷൻമാർക്കിടയിലെ തൊഴിലില്ലായ്‌മ 2015–-16 വർഷത്തിലെ മൂന്ന്‌ ശതമാനത്തിൽനിന്ന്‌ 6.9 ലേക്ക്‌ കുതിച്ചുയർന്നു. രാജ്യസഭ ചോദ്യോത്തരവേളയിൽ  മന്ത്രി സന്തോഷ്‌ ഗാങ്‌വാറാണ്‌ ഇക്കാര്യമറിയിച്ചത്‌. ദേശീയ സ്ഥിതിവിവര കാര്യാലയത്തിന്റെയും തൊഴിൽ മന്ത്രാലയത്തിന്‌ കീഴിലുള്ള തൊഴിൽ ബ്യൂറോയുടെയും സർവേയാണ്‌ തൊഴിലില്ലായ്‌മയുടെ രൂക്ഷത പുറത്തുകൊണ്ടുവന്നത്‌. രാജ്യത്ത്‌ സാമ്പത്തിക മാന്ദ്യം ഉള്ളതായി അംഗീകരിക്കാൻ ഇതുവരെ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. സാമ്പത്തിക മാന്ദ്യത്തെത്തുടന്ന്‌ വ്യാവസായിക വളർച്ച ഇടിഞ്ഞതും തൊഴിലില്ലായ്‌മ കുതിച്ചുയർന്നതും ഇടതുപക്ഷം ഉൾപ്പെടെ പ്രതിപക്ഷ പാർടികൾ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യങ്ങൾ നിക്ഷേധിച്ചു. വളർച്ചയിൽ നേരിയ ഇടിവുമാത്രമാണ്‌ ഉള്ളതെന്നായിരുന്നു ധനമന്ത്രിയുടെ അവകാശവാദം.

ഗ്രാമീണ മേഖലയിൽ പുരുഷൻമാരുടെ തൊഴിലില്ലായ്‌മ നിരക്ക്‌ 2015–-16 ൽ 2.9 ൽ നിന്നും 2017–-18 വർഷത്തിൽ  5.7 ശതമാനമായി. നഗരമേഖലയിൽ ഇതേ കാലയളവിൽ പുരുഷൻമാരുടെ തൊഴിലില്ലായ്‌മ നിരക്ക്‌ മൂന്നിൽ നിന്ന്‌   6.9 ശതമാനമായി. മൊത്തത്തിലുള്ള തൊഴിലില്ലായ്‌മ നിരക്ക്‌ നഗരമേഖലയിൽ 7.7 ശതമാനം എന്ന ഉയർന്നനിരക്കിലാണ്‌. 2017–-18 കാലയളവിൽ 15 വയസ്സിന്‌ മുകളിലുള്ള പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തം 75.8 ശതമാനവും സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തം 23.3 ശതമാനവുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top