08 September Sunday
‘കവച്‌’ സാർവത്രികമാക്കാൻ നിർദേശമില്ല

പാളം തെറ്റിയ ബജറ്റ്‌ ; റെയിൽവേയോട്‌ അവഗണന

പ്രത്യേക ലേഖകൻUpdated: Wednesday Jul 24, 2024


ന്യൂഡൽഹി
രാജ്യത്തെ സാമൂഹ്യ–-സാമ്പത്തിക ജീവിതത്തിന്റെ ചാലകശക്തിയായ റെയിൽവേയെ പാളംതെറ്റിക്കുന്നതാണ്‌ കേന്ദ്രബജറ്റ്‌. 2.52 ലക്ഷം കോടി രൂപയാണ്‌ ഇത്തവണ റെയിൽവേയ്‌ക്ക്‌ ബജറ്റ്‌ വിഹിതം. പോയ വർഷത്തെ അപേക്ഷിച്ച്‌ വർധന അഞ്ച്‌ ശതമാനം മാത്രം. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ വിഹിതത്തിൽ വർധന തീരെയില്ല. ട്രാക്കുകൾക്ക്‌ താങ്ങാൻ കഴിയാത്തത്ര സർവീസുകൾ നടത്തുന്നതും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതും ട്രെയിൻ അപകടങ്ങൾ തുടർക്കഥയാക്കുമ്പോഴാണ് ഈ ആവ​ഗണന.

പാതയിരട്ടിപ്പിക്കലിന്‌ കഴിഞ്ഞ വർഷം 35,046 കോടി രൂപ നീക്കിവച്ചെങ്കിൽ ഇത്തവണ 29,312 കോടി മാത്രം. പുതിയ പാതകൾക്ക്‌ 34,410 കോടിയും ബോഗികൾക്ക്‌ 50,325 കോടിയും. പ്രധാന പാതകളിൽ ട്രാക്കിന്റെ ശേഷിയുടെ 130–-140 ശതമാനം ട്രെയിനുകളാണ്‌ ഓടുന്നത്‌. ഇതുകാരണം അഖിലേന്ത്യാടിസ്ഥാനത്തിൽ യാത്രാ ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 50 കിലോമീറ്ററാണ്‌; ചരക്ക്‌ ട്രെയിനുകളുടേത്‌ 25 കിലോമീറ്ററും.മോദിസർക്കാർ റെയിൽബജറ്റ്‌ ഇല്ലാതാക്കിയത്‌ ഈ മേഖലയെ അടിമുടി ബാധിച്ചു. പിന്നാലെ ദേശീയ അടിസ്ഥാനസൗകര്യ സംവിധാനത്തി(എൻഐപി)ന്റെ ഭാഗമായി റെയിൽവേയെ പരിഗണിച്ചു.

എൻഐപിയിൽ 2015–-16ൽ 45 ശതമാനം റെയിൽവേയ്‌ക്ക്‌ നീക്കിവെച്ചുവെങ്കിൽ നാലാം വർഷമായപ്പോൾ 15 ശതമാനമായി ഇടിഞ്ഞു. ഇതിനുശേഷം ദേശീയ റെയിൽ പ്ലാൻ കൊണ്ടുവന്നു. സുസ്ഥിരമല്ലാത്ത നിലപാടുകളും വന്ദേ ഭാരത്‌ ട്രെയിനുകൾക്ക്‌ മുൻഗണന നൽകിയതും ബഹുഭൂരിപക്ഷം യാത്രക്കാരെയും ദുരിതത്തിലാക്കി. സുരക്ഷ ഉറപ്പാക്കാൻ ‘കവച്‌’ സംവിധാനം സാർവത്രികമാക്കാൻ ഈ ബജറ്റിലും നിർദേശമില്ല. സുരക്ഷാ പ്രവർത്തനങ്ങൾക്കായി 11,000 കോടി മാത്രമാണ്‌ ബജറ്റ്‌ വിഹിതം. അഞ്ച്‌ വർഷം മുമ്പ്‌ 25,000 കോടിയോളം ചെലവിട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top