25 November Monday

സബ്‌സിഡികളിൽ കടുംവെട്ട്‌ , വില കുതിക്കും ; കൃഷി കോര്‍പറേറ്റുകള്‍ക്ക്‌ തീറെഴുതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024



ന്യൂഡൽഹി
കേന്ദ്രബജറ്റിൽ ഭക്ഷ്യ, വളം, ഇന്ധന സബ്‌ഡികൾ വൻതോതിൽ വെട്ടിക്കുറച്ചതോടെ ഉൽപ്പാദനത്തിൽ ഇടിവും വിലക്കയറ്റവും ഉൾപ്പടെയുള്ള ദുരിതം തുടർക്കഥയാകും. സബ്‌സിഡികളിൽ 7.8 ശതമാനത്തിന്റെ വെട്ടിക്കുറവ് വരുത്തി. 2023–-24 ബജറ്റിലെ പുതുക്കിയ കണക്ക്‌ പ്രകാരം ഭക്ഷ്യസബ്‌സിഡിക്ക്‌ 2,12,332 കോടി ചെലവിട്ടു. എന്നാൽ, പുതിയ ബജറ്റിൽ ഭക്ഷ്യസബ്‌സിഡിക്ക്‌ നീക്കിവച്ചത് 2,05,250 കോടി മാത്രം.

കർഷകരിൽനിന്നും ന്യായവില നൽകി ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിന്റെ ചെലവും ദേശീയ ഭക്ഷ്യസുരക്ഷ നിയമവും മറ്റ്‌ ക്ഷേമപദ്ധതികളും പ്രകാരവും ഭക്ഷ്യധാന്യങ്ങൾ സൗജന്യമായും വിലകുറച്ചും വിതരണം ചെയ്യുന്നതിന്റെ ചെലവും തമ്മിലുള്ള വിടവ്‌ നികത്താനുള്ള ഉപാധിയാണ്‌ ഭക്ഷ്യസബ്‌സിഡി. മൊത്തം 80 കോടിയോളം ജനങ്ങൾക്ക്‌ ഇതിന്റെ ഗുണംലഭിക്കുന്നുണ്ടെന്നാണ്‌ ഔദ്യോഗികകണക്ക്‌.കോർപറേറ്റ്‌ പ്രീണനനയത്തിന്റെ ഭാഗമായി ഭക്ഷ്യസബ്‌സിഡി കുറച്ചത് കർഷകർക്കും അവശജനവിഭാഗങ്ങൾക്കും  തിരിച്ചടിയുണ്ടാകും.കഴിഞ്ഞബജറ്റിലെ പുതുക്കിയ കണക്ക്‌ പ്രകാരം വളസബ്‌സിഡിക്കായി 1,88,894 കോടി ചെലവിട്ടെങ്കിൽ ഇത്തവണ 1,64,000 കോടി മാത്രമാണ്‌ വകയിരുത്തിയത്‌.

കൃഷി കോര്‍പറേറ്റുകള്‍ക്ക്‌  തീറെഴുതി
കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ചെലവിൽ കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ തീറെഴുതാനുള്ള പ്രഖ്യാപനങ്ങളാണ്‌ കേന്ദ്രബജറ്റിലുള്ളതെന്ന്‌ സംയുക്തകിസാൻ മോർച്ച. കർഷകദ്രോഹ ബജറ്റിന്റെ പകർപ്പുകൾ ഗ്രാമങ്ങൾതോറും കത്തിച്ച്‌ പ്രതിഷേധിക്കുമെന്ന്‌ എസ്‌കെഎം നേതാക്കൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കർഷകർക്ക്‌ ഉയർന്ന എംഎസ്‌പി നൽകിയെന്ന അവാസ്‌തവമായ പ്രസ്‌താവനയും ധനമന്ത്രി നടത്തി. എംഎസ്‌പി സംബന്ധിച്ച്‌ ധവളപത്രം ഇറക്കാൻ കേന്ദ്രം തയാറാകണം.

കർഷകർക്കും കർഷകത്തൊഴിലാളികൾക്കും സമഗ്രമായ കടംഎഴുതിത്തള്ളൽ പദ്ധതി നടപ്പാക്കാനും തയാറായില്ല. 10 വർഷത്തിൽ കേന്ദ്രം കോർപറേറ്റുകളുടെ 14.46 ലക്ഷംകോടിയുടെ കടമാണ്‌ എഴുതിത്തള്ളി. 
  പാപ്പർ നിയമം പ്രകാരം കോർപറ്റേുകളുടെ 10.2 ലക്ഷം കോടിയുടെ വായ്‌പകൂടി എഴുതിത്തള്ളാനാണ് നീക്കമെന്നും നേതാക്കളായ ഹന്നൻമൊള്ള, രാകേഷ്‌ ടിക്കായത്ത്‌, ആശിഷ്‌ മിത്തൽ, പി കൃഷ്‌ണപ്രസാദ്‌, രാജൻ  ക്ഷീർ സാഗർ, ദർശൻപാൽ തുടങ്ങിയവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top