22 December Sunday
കേരളത്തിന് അര്‍ഹമായ
 വിഹിതം നല്‍കുന്നില്ലെന്ന് 
പി ചിദംബരം , പിന്തുണയ്ക്കുന്നവരെ മാത്രം
മോദി തുണച്ചെന്ന് ദയാനിധി മാരൻ

ബജറ്റിലെ അവഗണന ; പ്രതിഷേധിച്ച് ഇന്ത്യ , പാർലമെന്റിന്‌ അകത്തും 
പുറത്തും പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Wednesday Jul 24, 2024

image credit Akhilesh Yadav facebook



ന്യൂഡൽഹി
കേരളം അടക്കം പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രബജറ്റിൽ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച്‌ ഇന്ത്യാ കൂട്ടായ്‌മയിലെ പാർടികൾ പാർലമെന്റിന്‌ അകത്തും പുറത്തും ശക്തമായ പ്രതിഷേധമുയർത്തി. പാർലമെന്റ്‌ കവാടത്തിൽ എംപിമാർ മുദ്രാവാക്യം മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധിച്ചു.എൻഡിഎ സർക്കാരിന്റെ നിലനിൽപ്പിന്‌ പിന്തുണ അനിവാര്യമായ ജെഡിയുവും ടിഡിപിയും ഭരിക്കുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും മാത്രമായി പദ്ധതികൾ വാരിക്കോരി നൽകിയത്‌ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന്‌ എംപിമാർ ചൂണ്ടിക്കാട്ടി. ധനമന്ത്രി നിർമല സീതാരാമൻ സത്യാപ്രതിജ്ഞാ  ലംഘനമാണ്‌ കാട്ടിയതെന്നും പ്രതിപക്ഷ എംപിമാർ പറഞ്ഞു.

പാർലമെന്റിനുള്ളിലും പ്രതിഷേധം ശക്തമായി. ലോക്‌സഭയിൽ ചോദ്യോത്തരവേളയിൽ ഇന്ത്യാ കൂട്ടായ്‌മയിലെ എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം ഉയർത്തി. പ്രതിപക്ഷം ആസൂത്രിതമായി സഭ തടസപ്പെടുത്തുകയാണെന്ന്‌ സ്‌പീക്കർ ഓം ബിർള പറഞ്ഞു.ബജറ്റിലെ വിവേചനം സഭയിൽ ഉന്നയിക്കാൻ അവസരം നൽകണമെന്ന്‌ പ്രതിപക്ഷാംഗങ്ങൾ തുടർന്നും ആവശ്യപ്പെട്ടു. ആവശ്യം നിരാകരിച്ചതോടെ  പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. കവാടത്തിലെ പ്രതിഷേധം എംപിമാർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന്‌ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പരാതിപ്പെട്ടതോടെ പരിശോധിക്കാമെന്ന്‌ സ്‌പീക്കർ അറിയിച്ചു. രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ചിലരെ സന്തോഷിപ്പിക്കാനും സർക്കാരിനെ സംരക്ഷിക്കാനുമായി രണ്ട്‌ സംസ്ഥാനങ്ങൾക്ക്‌ മാത്രം ബജറ്റിൽ പദ്ധതികൾ വാരിക്കോരി നൽകിയെന്ന്‌ രാജ്യസഭ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കസേര സംരക്ഷിക്കുക മാത്രമാണ്‌ ലക്ഷ്യം. ഇത്‌ അപലപനീയമാണ്‌–- ഖാർഗെ ചൂണ്ടിക്കാട്ടി. 
   ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളെയും പരാമർശിക്കാനാവില്ലെന്ന്‌ നിർമല സീതാരാമൻ പറഞ്ഞു. നിഷേധ നിലപാടിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി.

ഫെഡറൽ തത്വങ്ങളുടെ 
ലംഘനം, വഞ്ചന
പിന്തുണയ്‌ക്കുന്ന പാർടികൾക്കുവേണ്ടി മാത്രമാണ്‌ നിലവിൽ പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്ന്‌ ഡിഎംകെയുടെ ദയാനിധി മാരൻ ലോക്‌സഭയിൽ പറഞ്ഞു. സ്വന്തം പാർടിക്ക്‌ വോട്ടുചെയ്‌തവരെ പോലും പ്രധാനമന്ത്രി വഞ്ചിക്കുകയാണെന്നും- മാരൻ പറഞ്ഞു. ഫെഡറലിസത്തിന്റെ മരണമണിയാണ്‌ ബജറ്റിൽ മുഴങ്ങികേട്ടതെന്ന്‌ രാജ്യസഭയിൽ ബജറ്റ്‌ ചർച്ചയ്‌ക്ക്‌ തുടക്കമിട്ട്‌ മുൻ ധനമന്ത്രി പി ചിദംബരം പറഞ്ഞു. ബിഹാറിന്റെയും ആന്ധ്രയുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനോട്‌ എതിർപ്പില്ല. എന്നാൽ മറ്റ്‌ സംസ്ഥാനങ്ങളുടെ കാര്യമോ. കേരളത്തിനും പശ്ചിമബം​ഗാളിനും അര്‍ഹമായ വിഹിതം നല്‍കാതിരിക്കാന്‍ മുട്ടുന്യായങ്ങള്‍ പറയുന്നു. ഫെഡറൽ തത്വങ്ങൾ പാലിക്കുന്നില്ല. കടുത്ത വിവേചനമാണ്‌ ബജറ്റിലുണ്ടായത്‌–- ചിദംബരം പറഞ്ഞു. 

രാജ്യസഭയിൽ ബജറ്റ്‌ ചർച്ചയിലും ലോക്‌സഭയിൽ കേന്ദ്രഭരണ പ്രദേശമായ ജമ്മു -കശ്‌മീരിന്റെ ധനാഭ്യർഥന ചർച്ചയിലും വിവേചനം ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങൾ രൂക്ഷ വിമർശം ഉന്നയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top