26 November Tuesday

'ഒരു രാജ്യം ഒരു സബ്‌സ്‌ക്രിപ്‌ഷൻ': 13,000 ജേണലുകൾ ഇനി ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

ന്യൂഡൽഹി >  'ഒരു രാജ്യം ഒരു സബ്‌സ്‌ക്രിപ്‌ഷൻ' പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര പ്രസാധകർ പ്രസിദ്ധീകരിക്കുന്ന ജേണലുകൾ ഒരു പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. 2025 ജനുവരി 1-ന് പദ്ധതി പ്രവർത്തനക്ഷമമാകും.

വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ പത്ത് വ്യത്യസ്ത ലൈബ്രറി കൺസോർഷ്യങ്ങളാണ് നിലവിൽ ഉള്ളത്. ഇതുവഴിയാണ്  ഇപ്പോൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജേണലുകൾ ലഭ്യമാകുന്നത്. യൂണിവേഴ്സിറ്റി ​ഗ്രാന്റ്സ് കമീഷന് കീഴിലുള്ള ഇൻഫോർമേഷൻ ആൻഡ് ലൈബ്രറി നെറ്റ് വർക്കിലെ (ഇൻഫ്ലിബ്നെറ്റ്) ദേശീയ സബ്സ്ക്രിപ്ഷനിലൂടെ ഒരു പ്ലാറ്റ്‌ഫോമിൽ എല്ലാ ജേണലുകളും ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. കൂടാതെ, വ്യക്തിഗത സ്ഥാപനങ്ങൾക്ക് പ്രത്യേകമായി ജേണലുകൾ സബ്‌സ്‌ക്രൈബ് ചെയ്യാനും കഴിയും.

ഒരു രാജ്യം ഒരു സബ്‌സ്‌ക്രിപ്‌ഷൻ വഴി എല്ലാ അക്കാദമിക് വിഷയങ്ങളും ഉൾക്കൊള്ളുന്ന ദേശീയ അന്തർദേശീയ പ്രസിദ്ധീകരണങ്ങളിലേക്ക് സർവകലാശാലകൾ, കോളേജുകൾ തുടങ്ങിയ എല്ലാ സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു പ്ലാറ്റ്‌ഫോമിലൂടെ ഏകീകൃത പ്രവേശനം ലഭിക്കും. 2027 വരെ മൂന്ന് വർഷത്തേക്ക് 6,000 കോടി രൂപയുടെ അടങ്കൽ തുക ചിലവുവരുന്ന പദ്ധതിയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രത്തിന് കീഴിലുള്ള ​ഗവേഷണ സ്ഥാപനങ്ങളും ഉൾപ്പെടെ 6,300 സ്ഥാപനങ്ങളെ പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾ, അധ്യാപകർ, ​ഗവേഷകർ തുടങ്ങി 1.8 കോടി ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

നിലവിൽ കോടിക്കണക്കിന് രൂപയാണ് ഓരോ സ്ഥാപനങ്ങൾക്കും ജേണലുകൾ സബ്സ്ക്രൈബ് ചെയ്യാൻ കണ്ടെത്തേണ്ടി വരുന്നത്. പദ്ധതിയിലൂടെ ഈ ചിലവിന് പരിഹാരം കാണാനാകും. 30 അന്താരാഷ്ട്ര പ്രസാധകർ പ്രസിദ്ധീകരിക്കുന്ന ഏകദേശം 13,000 ജേണലുകൾക്ക് പദ്ധതിയിൽ സബ്‌സ്‌ക്രിപ്‌ഷനുണ്ടാകും.  എൽസെവിയർ സയൻസ് ഡയറക്റ്റ്, സ്പ്രിംഗർ നേച്ചർ, വൈലി ബ്ലാക്ക്‌വെൽ പബ്ലിഷിംഗ്, ടെയ്‌ലർ ആൻഡ് ഫ്രാൻസിസ്, സേജ് പബ്ലിഷിംഗ്, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ്, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്, ബിഎംജെ ജേർണൽസ് എന്നീ പ്രസാധകരുടെ ജേണലുകൾ സബ്സ്ക്രിപ്ഷൻ പദ്ധതിയിലുണ്ടാകും.  ഇതിന് പുറമെയുള്ള ജേണലുകൾ ഓരോ സ്ഥാപനങ്ങൾക്കും സ്വന്തം ചിലവിൽ സബ്സ്ക്രൈബ് ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top