21 December Saturday

അഞ്ചുവർഷത്തിനിടെ കേന്ദ്രം റദ്ദാക്കിയത് 47 ടിവി ചാനലുകളുടെ ലൈസൻസ്‌; രാജ്യസഭയിൽ വി ശിവദാസന്റെ ചോദ്യത്തിന്‌ മറുപടി

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

ന്യൂഡൽഹി > കഴിഞ്ഞ അഞ്ചുവർഷത്തിനിടെ  കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കിയത് 47 ടിവി ചാനലുകളുടെ ലൈസൻസ്. രാജ്യസഭയിൽ വി ശിവദാസന്റെ ചോദ്യത്തിന്‌ വകുപ്പ്‌ സഹമന്ത്രി എൽ മുരുഗനാണ്‌ മറുപടി നൽകിയത്‌. 2020 ൽ 14, 2021 ൽ 24, 2022 ൽ അഞ്ച്‌ , 2023 ൽ മൂന്ന്‌, 2024 ൽ ഒന്ന്‌   എന്നിങ്ങനെയാണ്  റദ്ദാക്കിയ ലൈസൻസുകളുടെ എണ്ണം.  

110 ചാനലുകൾക്ക്  പുതുതായി അനുവാദം നൽകിയപ്പോൾ 269 ലൈസൻസുകൾ പുതുക്കി നൽകി. 34  ചാനലുകളുടെ ലൈസൻസ് അപേക്ഷ നിരസിച്ചുവെന്നും മന്ത്രി പറഞ്ഞു. ഐതിഹാസിക കർഷകസമരം നടന്ന 2020–--21 കാലത്താണ്‌ ഏറ്റവും അധികം ലൈസൻസുകൾ റദ്ദാക്കിയത്‌. ചാനൽ ലൈസൻസ്‌ ലഭിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ബഹിരാകാശ വകുപ്പിന്റെയും അനുമതി വേണം. ചാനലുകൾക്കും മറ്റ്‌ വാർത്താമാധ്യമങ്ങൾക്കും അനുമതി നൽകുന്ന പ്രക്രീയ പൂർണ്ണമായും കേന്ദ്രസർക്കാർ നിയന്ത്രണത്തിലാകുന്നത്‌ ജനാധിപത്യത്തിന്‌ വെല്ലുവിളിയാണെന്ന്‌ ശിവദാസൻ കുറ്റപ്പെടുത്തി.   

ലൈസൻസ് റദ്ദാക്കുമെന്ന ഭീതിമൂലം മാധ്യമങ്ങൾ കേന്ദ്രനയങ്ങളെ വിമർശിക്കാൻ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.  മാധ്യമങ്ങൾക്ക്‌ പ്രവർത്തനാനുമതി നൽകാനുള്ള അധികാരം  'ഇന്ത്യൻ ബോർഡ് ഓഫ് മീഡിയ സർവീസസ്' എന്ന  സ്വതന്ത്ര സമിതിയിലേക്ക് മാറ്റാനുള്ള സ്വകാര്യബിൽ വി ശിവദാസൻ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top