ഗ്രേറ്റർ നോയിഡ(ഉത്തർപ്രദേശ്)
കർഷകരുടെയും ബഹുജനങ്ങളുടെയും സമരവീര്യത്തിന് മുന്നിൽ ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാർ മുട്ടുമടക്കി. നോയിഡയിൽ കഴിഞ്ഞദിവസം പൊലീസ് ബലംപ്രയോഗിച്ച് അറസ്‌റ്റുചെയ്‌ത എല്ലാ കർഷകപോരാളികളെയും വിട്ടയച്ചു. ഇവരെ വിട്ടയച്ചില്ലെങ്കിൽ ആയിരക്കണക്കിന് കർഷകരും ഗ്രാമീണരും ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്ന് മഹാപഞ്ചായത്ത് ചേർന്ന് അന്ത്യശാസനം നൽകിയതോടെയാണ് ബിജെപി സർക്കാർ കീഴടങ്ങിയത്.
വാണിജ്യആവശ്യങ്ങൾക്കായി കൃഷിഭൂമി വൻതോതിൽ വിട്ടുകൊടുക്കേണ്ടിവന്ന കർഷകരാണ് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രണ്ട് വർഷമായി ഇവിടെ സമരം ചെയ്യുന്നത്. സംയുക്ത കിസാൻ മോർച്ച നേതാക്കളുമായി യുപി ചീഫ് സെക്രട്ടറി ചർച്ച നടത്തുമെന്ന ഉറപ്പ് ലംഘിച്ചാണ് ഡൽഹി അതിർത്തിയിലെ അംബേദ്‌കർ പാർക്കിൽനിന്ന് ഇരുന്നൂറോളം കർഷകരെ ചൊവ്വാഴ്‌ച വൈകിട്ട് അറസ്റ്റുചെയ്‌തത്. നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്‌തു.
ബുധനാഴ്‌ച രാവിലെ മുതൽ ആയിരക്കണക്കിന് കർഷകർ യമുന എക്‌സ്‌പ്രസ്‌വേയിലെ സീറോ പോയിന്റിൽ സംഘടിച്ചു. തുടർന്ന് ചേർന്ന മഹാപഞ്ചായത്തിൽ അഖിലേന്ത്യ കിസാൻസഭ നേതാക്കളായ വിജൂ കൃഷ്‌ണൻ, ഹന്നൻ മൊള്ള, പി കൃഷ്‌ണപ്രസാദ്, രൂപേഷ് വർമ, ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്, സുഖ്‌ബീർ സിങ് ഖലീഫ്, സുനീത് ഫൗജി, പവൻ ഖട്ടാന തുടങ്ങിയവർ സംസാരിച്ചു. എഡിഎം, ജില്ലാ പൊലീസ് മേധാവി എന്നിവർ സ്ഥലത്ത് എത്തിയെങ്കിലും ചർച്ചയ്‌ക്കില്ലെന്ന് കർഷകനേതാക്കൾ വ്യക്തമാക്കി. അറസ്റ്റിലായവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാവരെയും വിട്ടയച്ചതിനെതുടർന്ന് സ്വീകരണ യോഗം ചേർന്നു. ഭൂമിയും ജീവിതമാർഗവും നഷ്ടമായ കർഷകർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം തുടരുമെന്നും യോഗം പ്രഖ്യാപിച്ചു.
കർഷകദ്രോഹം : രാജ്യസഭയിൽ
ഇറങ്ങിപ്പോക്ക്
കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നിലപാടുകൾ പ്രത്യേകമായി ചർച്ച ചെയ്യണമെന്ന ആവശ്യം സഭാധ്യക്ഷൻ നിരാകരിച്ചതിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ പ്രതിപക്ഷ എംപിമാർ ഇറങ്ങിപ്പോയി. ഡൽഹിയിലേക്ക് മാർച്ച് ചെയ്‌ത യുപിയിൽ നിന്നുള്ള കർഷകരെ അതിർത്തിയിൽ തടഞ്ഞ സാഹചര്യത്തിലാണ് ആവശ്യം പ്രതിപക്ഷ പാർടികൾ ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റേത് മുതലകണ്ണീരാണെന്നും പ്രത്യേക ചർച്ച സാധ്യമല്ലെന്നുമായിരുന്നു സഭാധ്യക്ഷൻ ജഗ്‌ദീപ് ധൻഖറിന്റെ മറുപടി. പ്രതിപക്ഷാംഗങ്ങൾ ശക്തമായ പ്രതിഷേധമുയർത്തിയതോടെ യുപിയിൽ നിന്നുള്ള പ്രമോദ് തിവാരിക്ക് മാത്രം ഒരു മിനിറ്റ് സംസാരിക്കാൻ ധൻഖർ അനുമതി നൽകി. അവസരംവേണമെന്ന മറ്റ് പ്രതിപക്ഷ എംപിമാരുടെ ആവശ്യം നിരാകരിച്ചതോടെയാണ് അവർ ഇറങ്ങിപ്പോയത്. അദാനി കോഴവിഷയത്തിൽ പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..