22 November Friday
വർഗീയ നിർദേശത്തിനെതിരെ ആർഎൽഡിയും

കൻവർ യാത്ര: എൻഡിഎ പുകയുന്നു

സ്വന്തം ലേഖകൻUpdated: Monday Jul 22, 2024

ന്യൂഡൽഹി > ഉത്തർപ്രദേശിൽ കൻവർ തീർഥാടന യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ വഴിയോര ഭക്ഷണശാലകളുടെയും കടകളുടെയും ഉടമകൾ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ബിജെപി സർക്കാരിന്റെ നിർദേശത്തിനെതിരെ എൻഡിഎ ഘടകകക്ഷിയായ ആർഎൽഡിയും. യുപിയിലെ ബിജെപി സർക്കാരിന്റെ തീരുമാനം ആലോചന കൂടാതെയുള്ളതും യുക്തിക്ക്‌ നിരക്കാത്തതുമാണെന്ന്‌ കേന്ദ്രമന്ത്രി കൂടിയായ ആർഎൽഡി പ്രസിഡന്റ്‌ ജയന്ത്‌ ചൗധരി പ്രതികരിച്ചു.

സമുദായക്ഷേമത്തെയും സമുദായ സൗഹാർദ്ദത്തെയും അപകടത്തിലാക്കുന്ന ഒരു തീരുമാനവും പാടില്ല. കൻവർ യാത്രയ്‌ക്ക്‌ പോകുന്നവരും അവർക്ക്‌ ഭക്ഷണം വിളമ്പുന്നവരുമെല്ലാം ഒരു പോലെയാണ്‌. ആര്‌ ആർക്കാണ്‌ വിളമ്പുന്നത്‌ എന്നത്‌ ഒരു പ്രശ്‌നമേ ആയിരുന്നില്ല. ആളുകളെ തിരിച്ചറിയണമെന്നും കൃത്യമായി വ്യക്തമാക്കണം എന്നുമുള്ള നിർദേശം മനസ്സിലാകുന്നതേയില്ല–- ജയന്ത്‌ ചൗധരി പറഞ്ഞു.
   
എൻഡിഎ ഘടകകക്ഷികളായ ജെഡിയുവും എൽജെപിയും നേരത്തെ തന്നെ യുപി സർക്കാരിന്റെ തീരുമാനത്തെ അപലപിച്ച്‌ രംഗത്തുവന്നിരുന്നു. യുപിയിൽ നേരത്തെ വർഗീയകലാപമുണ്ടായ മുസഫർനഗർ പൊലീസാണ്‌ കടയുടമകൾ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന നിർദേശം ആദ്യം പുറപ്പെടുവിച്ചത്‌. നടപടി വിവാദമായയെങ്കിലും തീരുമാനത്തിൽനിന്ന്‌ പിന്നോക്കം പോയില്ല. വർഗീയ ധ്രുവീകരണ അവസരങ്ങൾക്കായി കാത്തിരിക്കുന്ന യുപി മുഖ്യമന്ത്രി ആദിത്യനാഥാകട്ടെ മുസഫർനഗർ പൊലീസിന്റെ തീരുമാനം സംസ്ഥാന വ്യാപകമാക്കാൻ നിർദേശം നൽകി.
 
യുപി സർക്കാരിന്റെ വർഗീയ നടപടിക്കെതിരായി സിപിഐ എം അടക്കമുള്ള പ്രതിപക്ഷ പാർടികൾ രംഗത്തുവന്നിരുന്നു. തിങ്കളാഴ്‌ച തുടങ്ങുന്ന പാർലമെന്റ്‌ സമ്മേളനത്തിലും വിഷയം ശക്തമായി ഉന്നയിക്കാനുള്ള തീരുമാനത്തിലാണ്‌ പ്രതിപക്ഷ പാർടികൾ. ശിവഭക്തരായ കൻവർ തീർഥാടകർ ഹരിദ്വാർ അടക്കം ഗംഗാ നദിയുടെ വിവിധ തീരങ്ങളിൽ കാൽനടയായെത്തി വെള്ളം ശേഖരിച്ച്‌ മടങ്ങും. ജൂലൈ മാസത്തിലാണ്‌ യാത്ര.

വിവാദ നിർദേശം മധ്യപ്രദേശിലും

ന്യൂഡൽഹി > ഉത്തർപ്രദേശിന്‌ പിന്നാലെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഉജ്ജയിൻ മുൻസിപ്പൽ കോർപറേഷനും ഭക്ഷണശാലകളുടെയും കടകളുടെയും ഉടമകൾ പേരുവിവരങ്ങൾ പ്രദര്‍ശിപ്പിക്കണമെന്ന നിർദേശവുമായി രംഗത്ത്‌. കടയ്‌ക്ക്‌ മുന്നിൽ പേരും മൊബൈൽ നമ്പറും പ്രദര്‍ശിപ്പിക്കണമെന്നാണ്‌ കോർപറേഷന്റെ നിർദേശം.

ലംഘിക്കുന്നവർക്ക്‌ 2000 രൂപ പിഴ ചുമത്തുമെന്ന്‌ മേയർ മുകേഷ്‌ തത്‌വാൾ അറിയിച്ചു. തുടർന്നും നിർദേശം പാലിക്കാതിരുന്നാൽ 5000 രൂപ കൂടി പിഴ ഒടുക്കേണ്ടി വരും. വിശ്വാസികൾക്ക്‌ ഉജ്ജയിൻ പുണ്യനഗരമാണെന്നും മതപരമായ നിഷ്‌ഠകളോടെയാണ്‌ ആളുകൾ ഇവിടേക്ക്‌ വരാറുള്ളതെന്നും മേയർ പറഞ്ഞു. 
  തങ്ങൾ ആരുടെ കടയിലാണ്‌ കയറുന്നതെന്ന്‌ അറിയാനുള്ള അവകാശം വിശ്വാസികൾക്കുണ്ട്‌. സുരക്ഷയും സുതാര്യതയും ഉറപ്പാക്കുകയാണ്‌ നിർദേശത്തിന്റെ ലക്ഷ്യമെന്നും മുസ്ലിം കടയുടമകളെ ലക്ഷ്യമിട്ടല്ലെന്നും തത്‌വാൾ അവകാശപ്പെട്ടു.
 
മധ്യപ്രദേശ്‌ മുഖ്യമന്ത്രി മോഹൻ യാദവിന്റെ ജന്മനാട്‌ കൂടിയാണ്‌ ഉജ്ജയിൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top