23 November Saturday

യുപി മദ്രസാനിയമം ; ഭരണഘടനാസാധുത ശരിവച്ച്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Wednesday Nov 6, 2024


ന്യൂഡൽഹി
ഉത്തർപ്രദേശ്‌ മദ്രസ വിദ്യാഭ്യാസ നിയമത്തിന്റെ ഭരണഘടനാസാധുത സുപ്രീംകോടതി ശരിവച്ചു. മദ്രസ നിയമം ഭരണഘടനാവിരുദ്ധമെന്ന്‌ നിരീക്ഷിച്ച്‌ റദ്ദാക്കിയ അലഹബാദ്‌ ഹൈക്കോടതിയുടെ വിധി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ റദ്ദാക്കി. ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായ മതനിരപേക്ഷത ലംഘിച്ചെന്ന്‌ ആരോപിച്ചാണ്‌ യുപി മദ്രസ വിദ്യാഭ്യാസ നിയമം (2004) അലഹബാദ്‌ ഹൈക്കോടതി മാർച്ച്‌ 22ന്‌ റദ്ദാക്കിയത്‌. ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ്‌ ചീഫ്‌ ജസ്റ്റിസും ജസ്റ്റിസ്‌ ജെ ബി പർധിവാല, ജസ്റ്റിസ്‌ മനോജ്‌ മിശ്ര എന്നിവരും അംഗങ്ങളായ ബെഞ്ച്‌ പരിഗണിച്ചത്‌.

ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായ മതനിരപേക്ഷതയ്‌ക്ക്‌ വിരുദ്ധമായതിനാൽ നിയമം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അടിസ്ഥാനഘടനയ്‌ക്ക്‌ എതിരാണെന്ന ഒറ്റ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നിയനിർമാണങ്ങൾ റദ്ദാക്കാനാവില്ല. ഒരു നിയമം മതനിരപേക്ഷതയ്‌ക്ക്‌ എതിരാണെന്ന്‌ പറയുമ്പോൾ മതനിരപേക്ഷതയുമായി ബന്ധപ്പെട്ട ഭരണഘടനാവ്യവസ്ഥകൾ ഏത്‌ രീതിയിലാണ്‌ ആ നിയമം ലംഘിച്ചതെന്ന വസ്‌തുത കൃത്യമായി പരിശോധിച്ച്‌ അത്‌ വിധിയിൽ സ്ഥാപിക്കണം’–- വിധിന്യായത്തിൽ സുപ്രീംകോടതി  നിരീക്ഷിച്ചു.

അതേസമയം, ഉന്നത ബിരുദങ്ങൾ നൽകാൻ മദ്രസാബോർഡിന്‌ അധികാരമുണ്ടെന്ന രീതിയിലുള്ള മദ്രസാനിയമത്തിലെ വ്യവസ്ഥകൾ യുജിസി നിയമത്തിന്‌ എതിരായതിനാൽ ഭരണഘടനാവിരുദ്ധമാണെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. കാമിൽ, ഫാസിൽ പോലെയുള്ള ബിരുദസർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ ബോർഡിന്‌ അധികാരമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്താനുള്ള ന്യൂനപക്ഷങ്ങളുടെ അധികാരം പരമമല്ലെന്നും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നൽകുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പാക്കാൻ സർക്കാരുകൾക്ക്‌ ഇടപെടലുകൾ നടത്താമെന്നും വിധിയിൽ പറയുന്നു. യുപി മദ്രസ നിയമം ഒറ്റയടിക്ക്‌ റദ്ദാക്കിയ ഹൈക്കോടതി വിധിയെ തുടർന്ന്‌ ലക്ഷകണക്കിന്‌ വിദ്യാർഥികളും ആയിരക്കണക്കിന്‌ അധ്യാപകരും പ്രതിസന്ധിയിലായിരുന്നു. കേസിൽ ഹൈക്കോടതി നടപടിയെ അനുകൂലിച്ച്‌ രംഗത്തെത്തിയ ദേശീയ ബാലവകാശ കമീഷനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top